ന്യൂഡല്‍ഹി: പതിനെട്ട് വയസ്സില്‍ താഴെയുള്ള ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പോക്സോ നിയമത്തിന്‍െറ പരിധിയില്‍ വരുമോയെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി. പോക്സോ നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമവും തമ്മിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് കോടതി ചോദ്യമുന്നയിച്ചത്. 15 വയസ്സില്‍ കുറയാതെ പ്രായമുള്ള ഭാര്യയുമായി നടത്തുന്ന ലൈംഗികബന്ധം ബലാത്സംഗം അല്ളെന്നാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 375ാം വകുപ്പ് പറയുന്നത്. എന്നാല്‍, പോക്സോ നിയമത്തിലെ 5 (എന്‍) വകുപ്പ് 18 വയസ്സില്‍ താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകൃത്യമാണെന്ന് വ്യക്തമാക്കുന്നു. നൊബേല്‍ പുരസ്കാര ജേതാവ് കൈലാശ് സത്യാര്‍ഥിയുടെ സംഘടനയായ ബച്പന്‍ ബച്ചാവോ ആന്ദോളന്‍ ആണ് ഈ വൈരുധ്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. പരാതി പരിശോധിച്ച് നാലുമാസത്തിനകം മറുപടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര വനിത, ശിശു ക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മറുപടിയില്‍ തൃപ്തരല്ളെങ്കില്‍ സംഘടനക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ എന്‍.വി. രമണ, ഡി.വൈ ചന്ദുചൂഡ് എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
18 വയസ്സില്‍ താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ 10 വര്‍ഷത്തില്‍ കുറയാത്ത കഠിന ശിക്ഷയാണ് പോസ്കോ നിയമത്തിലെ ആറാം വകുപ്പ് വ്യവസ്ഥചെയ്യുന്നത്. വിവാഹിതരാണോ അല്ലയോ എന്ന് പരിഗണിക്കാതെ 18 വയസ്സില്‍ താഴെയുള്ളവര്‍ക്കുനേരെയുള്ള എല്ലാ ലൈംഗിക അതിക്രമങ്ങളിലും ഈ ശിക്ഷ നിര്‍ബന്ധമായി നടപ്പാക്കണമെന്ന് അഭിഭാഷകരായ ഭുവന്‍ റിഭു, ജഗ്ജിത് സിങ് ഛബ്ര എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.