ജാ​മി​അ മ​സ്ജി​ദി​ൽ അ​വ​കാ​ശ​വാ​ദ​വു​മാ​യി നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ശ്രീ​രം​ഗ​പ​ട്ട​ണ ന​ഗ​ര​ത്തി​ൽ വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാർച്ച്

ശ്രീരംഗപട്ടണ ജാമിഅ മസ്ജിദ്: നിരോധനാജ്ഞ ലംഘിച്ച് വി.എച്ച്.പി മാർച്ച്, പള്ളിയിലേക്ക് കടക്കാൻ പൊലീസ് അനുവദിച്ചില്ല

ബംഗളൂരു: ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദിൽ അവകാശവാദവുമായി നിരോധനാജ്ഞ ലംഘിച്ച് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സമരം.

ടൗണിൽ വി.എച്ച്.പി 'ശ്രീരംഗപട്ടണയിലേക്ക് വരൂ' എന്ന കാമ്പയിനിന്റെ ഭാഗമായി മോട്ടോർ സൈക്കിൾ റാലി നടത്തി. തുടർന്ന് ടൗണിൽ കൂടിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കാവി ഷാൾ അണിഞ്ഞും 'ജയ് ശ്രീരാം' വിളിച്ചും 'ഹനുമാ ചാലിസ' പാടിയുമായിരുന്നു ധർണ. എന്നാൽ, മസ്ജിദിലേക്ക് മാർച്ച് നടത്താൻ പൊലീസ് അനുവദിച്ചില്ല.

അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തീവ്ര ഹിന്ദുത്വ സംഘടനകൾ മസ്ജിദിലേക്ക് ശനിയാഴ്ച മാർച്ച് നടത്തി പള്ളിയിൽ പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാൽ നഗരത്തിലും സമീപപ്രദേശങ്ങളിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മുൻകരുതലെന്ന നിലയിൽ തഹസിൽദാർ ശ്വേത രവീന്ദ്ര നഗരത്തിൽ ജൂൺ മൂന്നിന് വൈകീട്ട് മൂന്നു മുതൽ ജൂൺ അഞ്ചിന് ഉച്ചക്ക് 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഈ സമയത്തിനുള്ളിൽ ഒരു തരത്തിലുമുള്ള ഒത്തുചേരൽ, പ്രതിഷേധം, മാർച്ച് എന്നിവക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നിട്ടും നിയന്ത്രണങ്ങൾ ലംഘിച്ചായിരുന്നു വി.എച്ച്.പിയുടെ മാർച്ചും സമരവും. എന്നാൽ, നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച കർണാടക ബി.ജെ.പി സർക്കാറിനെ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് വിമർശിച്ചു.

മസ്ജിദ് ഇ അല എന്നും അറിയപ്പെടുന്ന ജാമിഅ മസ്ജിദ് ശ്രീരംഗപട്ടണ കോട്ടക്കകത്താണുള്ളത്. 1786-87 കാലത്ത് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനാണ് നിർമിച്ചത്. മദ്റസയും മസ്ജിദുമടങ്ങുന്ന ജാമിയ മസ്ജിദ് കെട്ടിടത്തിന്‍റെ പരിപാലനം നിർവഹിക്കുന്നത് ആർക്കിയോളജി വകുപ്പാണ്.

ഹനുമാൻ ക്ഷേത്രം തകർത്താണ് ടിപ്പു സുൽത്താൻ ജാമിയ മസ്ജിദ് നിർമിച്ചതെന്നും ഹൊയ്സാല രാജവംശത്തിന്‍റെ അടയാളങ്ങൾ പള്ളിക്കകത്തുണ്ടെന്നുമാണ് തീവ്രഹിന്ദുത്വ സംഘടനകൾ അവകാശപ്പെടുന്നത്. അവകാശ വാദം ഉന്നയിച്ച് ദിവസങ്ങൾക്ക് മുമ്പ് ജാമിയ മസ്ജിദിന് മുന്നിൽ തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് ആരാധനക്ക് അനുമതി തേടി ജില്ല ഭരണകൂടത്തെ സമീപിച്ചത്.

മസ്ജിദിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് അവർ മാണ്ഡ്യ ജില്ല ഭരണകൂടത്തെ സമീപിച്ചു. ഇതുസംബന്ധിച്ച നിവേദനം ജില്ല കമീഷണർ എസ്. അശ്വതി സ്വീകരിച്ചിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനകളിൽനിന്ന് പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി അധികൃതർ നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.

Tags:    
News Summary - Police Stop Karnataka Hindu Outfits from Entering Jama Masjid in Srirangapatna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.