ഇംഫാൽ: പൊലീസിന്റെ കറുത്ത നിറത്തിലുള്ള കമാൻഡോ യൂനിഫോം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പുമായി മണിപ്പൂർ പൊലീസ്. മോഷ്ടിച്ചതെന്ന് കരുതുന്ന പൊലീസിന്റെ യൂനിഫോം ധരിച്ച ആയുധധാരികളായ അക്രമികളുടെ വിഡിയോകൾ പ്രചരിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്. യൂനിഫോം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും വിവിധ യൂനിറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വേണ്ടിവന്നാൽ ഇന്ത്യ റിസർവ് ബറ്റാലിയൻ, മണിപ്പൂർ പൊലീസ് തുടങ്ങി സുരക്ഷ ഉദ്യോഗസ്ഥരുമായി എത്തുന്ന വാഹനങ്ങളും വാഹനത്തിലുള്ളവരുടെ തിരിച്ചറിയൽ കാർഡുകളും പരിശോധിക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മെയ്തേയി - കുക്കി വംശീയസംഘർഷം തുടരുന്ന മണിപ്പൂരിൽ 150 ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. സംഘർഷത്തെ തുടർന്ന് പൊലീസിലും ഭിന്നത സൃഷ്ടിച്ചിരുന്നു. സേനയിലെ മെയ്തേയി ഉദ്യോഗസ്ഥർ സുരക്ഷയെ കരുതി ഇംഫാൽ താഴ്വരയിലേക്കും കുക്കി ഉദ്യോഗസ്ഥർ കുന്നുകളിലേക്കും മാറിയിരുന്നു. ഇതിനിടെ
സംഘർഷങ്ങൾക്കിടെ മോഷ്ടിക്കപ്പെട്ട ആയുധങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പോലീസ് ഊർജിതമാക്കി. ഇംഫാൽ താഴ്വരയിൽ നിന്ന് മോഷ്ടിക്കപ്പെട്ട ആയുധങ്ങളുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.