പാര്‍ട്ടികള്‍ക്ക് ‘അജ്ഞാതര്‍’ നല്‍കിയത് 7,833 കോടി

ന്യൂഡല്‍ഹി: 11 വര്‍ഷത്തിനിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയില്‍ 69 ശതമാനവും നല്‍കിയത് ‘അജ്ഞാതര്‍’. 2004 മുതല്‍ 2015 വരെയുള്ള കാലയളവിലെ കണക്കാണ് ഡല്‍ഹി കേന്ദ്രീകൃതമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ടത്. ഈ കാലയളവില്‍ ദേശീയ-പ്രാദേശിക പാര്‍ട്ടികളുടെ അക്കൗണ്ടില്‍ എത്തിയത് 11,367 കോടി രൂപയാണ്. ഇതില്‍ 7,833 കോടിയും നല്‍കിയത് ആരാണെന്ന് വ്യക്തമല്ല.

1,835.63 കോടിയുടെ ഉറവിടം മാത്രമാണ് രേഖകളിലുള്ളത് (15 ശതമാനം). ഇതിന് പുറമെ, മെംബര്‍ഷിപ് ഫീസ്, ആസ്തി, ബാങ്ക് പലിശ, പ്രസിദ്ധീകരണങ്ങളുടെ വില്‍പന, പാര്‍ട്ടി ലെവി എന്നിവ ഉള്‍പ്പെടെ 1,698 കോടി രൂപയുടെ കണക്കുകളും വ്യക്തമാണ് (16 ശതമാനം). ‘അജ്ഞാതര്‍’ ഏറ്റവും കൂടുതല്‍ പണം കൊടുത്തത് കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസിന് ലഭിച്ച തുകയുടെ 83 ശതമാനവും ആരാണ് നല്‍കിയതെന്ന് വ്യക്തമല്ല. ഈ വകയില്‍ 3,323 കോടിയാണ് കോണ്‍ഗ്രസിന്‍െറ അക്കൗണ്ടിലുള്ളത്. തൊട്ടുപിന്നാലെ ബി.ജെ.പിയുമുണ്ട്.

2,125 കോടി ലഭിച്ചത് എവിടെനിന്നാണെന്ന് ബി.ജെ.പി വ്യക്തമാക്കുന്നില്ല. അവരുടെ വരുമാനത്തിന്‍െറ 65 ശതമാനം വരും ഇത്. സമാജ്വാദി പാര്‍ട്ടിക്ക് 766 കോടിയും (94 ശതമാനം) ശിരോമണി അകാലിദളിന് 88 കോടിയും (86 ശതമാനം) ഈ വകയില്‍ ലഭിച്ചു. 2004-2005 കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 313 ശതമാനത്തിന്‍െറ വര്‍ധനയാണ് 2014-2015 വര്‍ഷത്തില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് അജ്ഞാത സംഭാവന ഇനത്തില്‍ ഉണ്ടായിരിക്കുന്നത്.

 

Tags:    
News Summary - political party funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.