ഇംഫാൽ: ആറ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടപ്പിലാക്കിയ അഫ്സ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിനെ സമീപിച്ച് സംസ്ഥാന സർക്കാർ. നവംബർ 14നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മണിപ്പൂരിൽ വീണ്ടും അഫ്സ കൊണ്ടു വന്നത്.
സെക്കമായി, ലാംസാങ്, ഇംഫാൽ, ലാമലായി, മൊയിറാങ്, ലെയിംകോങ്, ജിരിബാം തുടങ്ങിയ സ്ഥലങ്ങളിലെല്ലാമാണ് അഫ്സ പ്രഖ്യാപിച്ചത്.
നവംബർ 15ന് സംസ്ഥാന മന്ത്രിസഭ യോഗം ചേർന്ന് അഫ്സയിൽ ഉൾപ്പടെ ചർച്ചകൾ നടത്തി ഇത് പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പൊതുജനക്ഷേമം മുൻനിർത്തി അഫ്സ പിൻവലിക്കാനാണ് സംസ്ഥാന സർക്കാർ അഭ്യർഥിച്ചത്.
അതേസമയം, മണിപ്പൂരിൽ സംഘർഷം കനക്കുകയാണ്. മുഖ്യമന്ത്രി എൻ. ബീരേൺ സിങ്ങിന്‍റെയും മരുമകന്‍റെയും സ്വകാര്യ വസതികൾ പ്രതിഷേധക്കാർ ആക്രമിച്ചു.
സുരക്ഷ ജീവനക്കാർ കണ്ണീർ വാതകം പ്രയോഗിച്ചാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഈ സമയം മുഖ്യമന്ത്രി വസതിയിൽ ഇല്ലായിരുന്നു. മുഖ്യമന്ത്രിയും കുടുംബവും സുരക്ഷിതരാണെന്ന് ഓഫിസ് അറിയിച്ചു. വിവിധയിടങ്ങളിൽ വീടുകൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും നേരെ ആക്രമണമുണ്ടായി.
മണിപ്പൂരിലെ ജിരിബാം ജില്ലയിൽനിന്ന് കാണാതായ ആറ് മെയ്തേയ് വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം വ്യാപിച്ചത്. നേരത്തെ, കൊലപാതകത്തിന് ഇരകളായവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മെയ്തേയ് വിഭാഗക്കാർ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എൽ.എമാരുടെയും വീടുകൾ ആക്രമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.