ന്യൂഡൽഹി: ജുഡീഷ്യറിയെ സ്വാധീനിക്കാൻ രാഷ്ട്രീയപരമായും തൊഴിൽപരമായും സമ്മർദം ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖർ ഉൾപ്പെടെ 600 അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് കത്തയച്ചു. 'ജുഡീഷ്യറി ഭീഷണിയിലാണ്, രാഷ്ട്രീയവും തൊഴിൽപരവുമായ സമ്മർദങ്ങളിൽനിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കുക' എന്ന തലക്കെട്ടോടുകൂടിയാണ് അഭിഭാഷകർ കത്തെഴുതിയത്. നീതിന്യായ വ്യവസ്ഥക്കുമേൽ സമ്മർദമുയർത്താനും കോടതികളെ അപകീർത്തിപ്പെടുത്താനും ‘നിക്ഷിപ്ത താൽപര്യക്കാർ’ ശ്രമിക്കുന്നതായി കത്തിൽ ആരോപിച്ചു.
മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, മനൻ കുമാർ മിശ്ര, ആദിഷ് അഗർവാൾ, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, സ്വരൂമ ചതുർവേദി, ഹിതേഷ് ജെയ്ൻ, ഉജ്ജല പവാർ, ഉദയ് ഹോള എന്നിവരുൾപ്പടെയുള്ള അഭിഭാഷകർ കത്തിൽ ഒപ്പുവച്ചു. ജുഡീഷ്യറിയുടെ സമഗ്രത തകർക്കാൻ ലക്ഷ്യമിട്ടുള്ള ചില പ്രവർത്തനങ്ങളിൽ അഭിഭാഷകർ ഗുരുതര ആശങ്ക പ്രകടിപ്പിച്ചു.
ജുഡീഷ്യൽ ഫലങ്ങളെ സ്വാധീനിക്കാൻ പല തന്ത്രങ്ങളും പ്രയോഗിക്കുന്നു. ഇത് ജനാധിപത്യത്തെയും ജുഡീഷ്യറിയുടെ മേലുള്ള ജനങ്ങളുടെ വിശ്വാസത്തെയും തകർക്കാൻ ശ്രമിക്കുന്നു. ജുഡീഷ്യറിയുടെ 'സുവർണ കാലഘട്ടം' എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ചുള്ള തെറ്റായ വിവങ്ങൾ പ്രചരിപ്പിക്കുന്നതടക്കം നിലവിലുള്ള നടപടികളെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നു തുടങ്ങി നിരവധി കാര്യങ്ങൾ അഭിഭാഷകർ കത്തിൽ ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ ഭൂതകാലത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ സൃഷ്ടിച്ചുവെന്നും കത്തിൽ ആരോപിക്കുന്നു.
നിയമവാഴ്ചയില്ലാത്ത രാജ്യങ്ങളുമായി ചില കേന്ദ്രങ്ങൾ കോടതിയെ താരതമ്യപ്പെടുത്തുന്നുണ്ട്. വ്യക്തികൾക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതും കോടതിയിൽ അവരെ പ്രതിരോധിക്കുന്നതും അതിനിടയിലെ രാഷ്ട്രീയ അട്ടിമറികളെ കുറിച്ചും അഭിഭാഷകർ ആശങ്ക അറിയിച്ചു.
ജുഡീഷ്യൽ നിയമനങ്ങളെയും ഫലങ്ങളെയും സ്വാധീനിക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്താണ് ഇവ കൂടുതലായി സംഭവിക്കുന്നത്. 2018-2019 കാലത്തും സമാന പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അഭിഭാഷകർ കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.