ചെന്നൈ: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ടുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടിയെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിൻ. ഇ.ഡി നടപടി ബി.ജെ.പി സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇ.ഡിയെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്നത് അതിരുകടന്ന രാഷ്ട്രീയ പകപോക്കലാണ്. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഉത്തരമില്ലാത്തതിനാലാണ് ഇത്തരം തന്ത്രങ്ങൾ ഉപയോഗിച്ച് വിഷയത്തെ വഴിതിരിച്ച് വിടുന്നത്. ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യയുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ഇ.ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ ബുധനാഴ്ചയും തുടരും. നിലവിൽ കോവിഡ് ബാധിതയായി ന്യൂഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ജൂൺ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ.ഡി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.