പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ഏറ്റവും നിർണായകമായ രണ്ടാം ഘട്ടത്തിൽ പോളിങ് 53.51 ശതമാനം. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറാണ് ഇക്കാര്യം അറിയിച്ചത്. ആകെ 243 സീറ്റിൽ 94 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
ആർ.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവാണ് മത്സരരംഗത്തുള്ള പ്രധാനികളിൽ ഒരാൾ. രഘോപുരിൽ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്. ബി.ജെ.പിയിലെ സതീഷ് കുമാർ യാദവിനെയാണ് 2015ൽ തേജസ്വി പരാജയപ്പെടുത്തിയത്. സതീഷാണ് ഇത്തവണയും എതിരാളി.
ബിഹാര്‍ കൂടാതെ ഉപ തെരഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളിലെ മൊത്തം പോളിങ് ശതമാനവും തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടിട്ടുണ്ട്. ചത്തീസ്ഗഡ് -71.99%, ഗുജറാത്ത്-57.98%, ഹരിയാന-68%, ഝാർഖണ്ഡ്- 62.51%, കർണാടക-51.3%, മധ്യപ്രദേശ്-66.37%, നാഗാലൻഡ്-83.69%, ഒഡീഷ-68.08%, തെലുങ്കാന-81.44%, ഉത്തർപ്രദേശ്-51.57% എന്നിങ്ങനെയാണ് പോളിങ് ശതമാനം. 54 നിയമസഭ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്.
28 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. കോൺഗ്രസിനും ബി.ജെ.പിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യക്കും നിർണായകമായ തെരഞ്ഞെടുപ്പാണിത്.
തേജസ്വിയുടെ മൂത്ത സഹോദരൻ തേജ് പ്രതാപ് യാദവ് മാഹുവ മണ്ഡലത്തിൽ നിന്ന് മാറി സമസ്തിപുർ ജില്ലയിലെ ഹസൻപുരിൽ മത്സര രംഗത്തുണ്ട്. പ്ലൂരൽസ് പാർട്ടി നേതാവ് പുഷ്പം പ്രിയ ചൗധരി, ശത്രുഘൻ സിൻഹയുടെ മകൻ കോൺഗ്രസിലെ ലവ് സിൻഹ എന്നിവർ ജനവിധി തേടുന്ന ബങ്കിപ്പുർ, സംസ്ഥാന മന്ത്രി നന്ദ് കിഷോർ യാദവ് തുടർച്ചയായി ഏഴാംവട്ടം വിജയസാധ്യത തേടുന്ന പട്ന സാഹിബ് എന്നിവ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ്. മൂന്നാം വട്ടം ബി.ജെ.പി എം.എൽ.എയായി തുടരുന്ന നിതിൻ നബീനെയാണ് ബങ്കിപ്പുരിൽ ലവ് സിൻഹയും പുഷ്പം പ്രിയ ചൗധരിയും നേരിടുന്നത്.
നവംബർ ഏഴിനാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പ്. ഒക്ടോബർ 28ന് ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ഫല പ്രഖ്യാപനം പത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.