മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ (ബി.എംസി) പരിധിയിൽ വരുന്ന 36 എം.എൽ.എമാരാണ് ഉള്ളത്. ബി.ജെ.പി - ശിവസേന ( ഷിൻഡെ) സഖ്യത്തിൽ ഭരണപക്ഷത്ത് 21ഉം പ്രതിപക്ഷത്ത് 15ഉം. എന്നാൽ വികസന പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് ലഭിക്കുന്നത് ഭരണപക്ഷ എം.എൽ.എമാർക്ക് മാത്രമാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ എം.എൽ.എമാരിൽ ആർക്കും ഇതുവരെ വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ലഭിച്ചിട്ടില്ല.
രണ്ട് വർഷത്തോളമായി രാജ്യത്തെ ഏറ്റവും സമ്പന്നമായ സിവിൽ ബോഡി തെരഞ്ഞെടുക്കപ്പെട്ട സമിതി ഇല്ലാതെ പ്രവർത്തിക്കുന്നതിനാൽ 2023 ഫെബ്രുവരി 16ന് നഗരത്തിന്‍റെ നടത്തിപ്പിനുള്ള ഫണ്ട് മുംബൈയിലെ 36 എം.എൽ.എമാർ വഴിയാകുമെന്ന് ബി.എം.സി ഒരു പ്രമേയം പാസാക്കിയിരുന്നു. നയം അനുസരിച്ച് 21 ഭരണ സഖ്യ എം.എൽ.എമാരിൽ ഓരോരുത്തരും 2023 ഡിസംബർ വരെ ഫണ്ട് ആവശ്യപ്പെട്ടതും ലഭിച്ചതും വിവരാവകാശ നിയമപ്രകാരം ലഭിച്ച ഔദ്യോഗിക രേഖകളിൽ നിന്ന് വ്യക്തമാണ്.
ഈ വ്യവസ്ഥ പ്രകാരം, പരമാവധി 35 കോടി രൂപ ഓരോ എം.എൽ.എക്കും ആവശ്യപ്പെടാൻ കഴിയുന്ന തരത്തിൽ 36 എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ നടപ്പാക്കേണ്ട പ്രവൃത്തികൾക്കായി 1,260 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. ഫെബ്രുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മുൻസിപൽ കമീഷനർ ഇതിൽ നിന്ന് 500.58 കോടി ഭരണപക്ഷ എം.എൽ.എമാർക്കായി വിതരണം ചെയ്യുകയും ചെയ്തു. അതേസമയം പ്രതിപക്ഷ എം.എൽ.എമാർ കാത്തിരിപ്പ് തുടരുകയാണ്.
കഴിഞ്ഞ വർഷം ജൂൺ 23 ന് ജോഗേശ്വരിയിൽ നിന്നുള്ള എം.എൽ.എ രവീന്ദ്ര വൈകർ തന്‍റെ നിയോജക മണ്ഡലത്തിൽ നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി 16 കോടി രൂപ ആവശ്യപ്പെട്ട് മന്ത്രി ലോധക്ക് കത്തയച്ചു. ഇതുവരെ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട് ആഗസ്റ്റ് 26 ന് മുഖ്യമന്ത്രി ഷിൻഡെക്കും കത്തെഴുതി. എന്നാൽ തന്‍റെ മണ്ഡലത്തിന് ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 26 ന് സെവ്രിയിലെ ശിവസേന യു.ബി.ടി എം.എൽ.എ, അജയ് ചൗധരി മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 68.75 കോടി രൂപ ആവശ്യപ്പെട്ട് കത്തയച്ചു. ഇതുവരെ നടപടികളൊന്നും ഉണ്ടായില്ല. ധാരാവി എം.എൽ.എയും കോൺഗ്രസിന്‍റെ മുംബൈ അധ്യക്ഷയുമായ വർഷ ഗെയ്‌ക്‌വാദ് 26.51 കോടി രൂപ ആവശ്യപ്പെട്ടിട്ടും ബി.എം.സി ഇതുവരെ ഫണ്ട് വിതരണം ചെയ്തിട്ടില്ല. സമാജ്‌വാദി പാർട്ടിയുടെ ഭിവണ്ടി എം.എൽ.എ റൈസ് ഷെയ്ഖിന്‍റെ ആവശ്യവും പരിഗണിച്ചിട്ടില്ല.
കത്ത് നൽകി മാസങ്ങളായിട്ടും ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് പ്രതിപക്ഷ എം.എൽ.എമാർ ആരോപിക്കുന്നത്. എന്നാൽ ഭരണപക്ഷ എം.എൽ.എമാർ ആവശ്യപ്പെട്ട് ആഴ്ചൾക്കുള്ളിൽ തന്നെ ഫണ്ട് ലഭ്യമാകുന്നുണ്ടെന്നും അവർ പറയുന്നു. എന്നാൽ എം.എൽ.എമാരുടെ പാർട്ടി നോക്കാതെയാണ് ഫണ്ട് അനുവദിക്കുന്നതെന്നും ലഭിക്കുന്ന പ്രൊപ്പോസലുകളുടെ മെറിറ്റാണ് വിലയിരുത്തുന്നതെന്നും മന്ത്രി ലോധ പറഞ്ഞു. നിലവിൽ പ്രതിപക്ഷ എം.എൽ.എമാരുടെ കത്തുകളൊന്നും കൈവശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.