മുംബൈ: ബി.ജെ.പിയിലെ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പ്രമോദ് മഹാജന്റെ വധത്തിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് മകൾ പൂനം മഹാജൻ. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബി.ജെ.പി മുൻ എം.പി കൂടിയായ പൂനത്തിന്റെ ആരോപണം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതുമെന്നും അവർ പറഞ്ഞു.
പ്രമോദ് മഹാജന്റെ സഹോദരൻ പ്രവീൺ മഹാജനാണ് കാഞ്ചി വലിച്ചതെന്നു കരുതാമെങ്കിലും, തോക്കും ബുള്ളറ്റും അയാൾ ലക്ഷ്യംവെച്ച ആളുടേതായിരുന്നു. അയാൾ ധരിച്ചിരുന്ന വസ്ത്രംപോലും തന്റെ പിതാവ് നൽകിയതാകാം. ഇതിനുപിന്നിൽ ഒരു സൂത്രധാരനുണ്ട്. സഹോദരങ്ങൾ തമ്മിലെ ശത്രുത പോലുള്ള കാരണങ്ങളാണ് അന്ന് പറഞ്ഞത്. അത് ശരിയല്ല. പണം, അസൂയ, കുടുംബകാര്യം ഒന്നുമായിരുന്നില്ല. സത്യം മൂടിവെക്കാൻ പറഞ്ഞവയാണ് ഇതൊക്കെ-പൂനം ആരോപിച്ചു.
സമാന ആരോപണം കഴിഞ്ഞ ദിവസം പ്രമോദ് മഹാജന്റെ മറ്റൊരു സഹോദരൻ പ്രകാശ് മഹാജനും ഉന്നയിച്ചിരുന്നു. തനിക്ക് രണ്ട് സഹേദരങ്ങളെയാണ് നഷ്ടപ്പെട്ടതെന്നും സൂത്രധാരൻ ‘സ്റ്റീൽ കർട്ടനു’പിന്നിൽ മറഞ്ഞിരിക്കുകയാണെന്നുമാണ് പ്രകാശ് ആരോപിച്ചത്. ഗൂഢാലോചകനെ കണ്ടാൽ ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അയാൾ മാത്രമേ ബാക്കിയാകൂവെന്നും അദ്ദേഹം പറഞ്ഞു. 2006ലാണ് പ്രമോദ് മഹാജൻ ഇളയ സഹോദരൻ പ്രവീൺ മഹാജന്റെ വെടിയേറ്റ് മരിച്ചത്.
മുൻ എം.പിയായ പൂനത്തിന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നൽകിയിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിലും പരിഗണിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.