ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ചിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 40 പേരെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തു. ഭട്ട ദുരിയൻ- ടോട്ട ഗലി ഭാഗങ്ങളിൽ വിവിധ സുരക്ഷ ഏജൻസികൾ വ്യാപക തിരച്ചിൽ തുടരുകയാണ്. എം.ഐ ഹെലികോപ്ടറുകൾ, ഡ്രോണുകൾ, നായ്ക്കൾ എന്നിവ ഉപയോഗിച്ചാണ് തിരച്ചിൽ നടക്കുന്നത്. വ്യാഴാഴ്ചയാണ് പൂഞ്ചിൽ തീവ്രവാദി ആക്രമണമുണ്ടായത്.
മൂന്നു ഭാഗങ്ങളിൽനിന്നായി അഞ്ച് തീവ്രവാദികൾ ഗ്രനേഡുൾപ്പെടെയുള്ള സ്ഫോടകവസ്തുക്കളുമായി സൈനിക വാഹനത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആറുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
കവചിത വാഹനം തുളച്ചുകയറാൻ തീവ്രവാദികൾ സ്റ്റീൽ വെടിയുണ്ട ഉപയോഗിച്ചതായും രക്ഷപ്പെടുംമുമ്പ് സൈനികരുടെ ആയുധവും വെടിക്കോപ്പും കവർന്നതായും അധികൃതർ പറഞ്ഞു. ഭിംബർ ഗലി -പൂഞ്ച് റോഡിൽ കലുങ്കിനടിയിൽ പതിയിരുന്നാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. എൻ.എസ്.ജി, എൻ.ഐ.എ തുടങ്ങിയ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.