ന്യൂഡൽഹി: ഇന്ത്യ-യു.എസ് ആണവ കരാറിനെ എതിർക്കാൻ ചൈന ഇടതുപാർട്ടികളെ ഉപയോഗിച്ചുവെന്ന മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ആരോപണത്തോട് പ്രതികരിച്ച് സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. നയതന്ത്രപരമായി ഇന്ത്യയെ പൂർണമായും അമേരിക്കയുടെ ആശ്രിതരാക്കുന്നതായിരുന്നു ആണവ കരാറെന്നും അതുകൊണ്ടാണ് തങ്ങൾ കരാറിനെ എതിർത്തതെന്നും കാരാട്ട് ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 2008ൽ ആണവകരാറിനെ ചൊല്ലി യു.പി.എ സർക്കാറിനുള്ള പിന്തുണ ഇടത് കക്ഷികൾ പിൻവലിക്കുമ്പോൾ പ്രകാശ് കാരാട്ടായിരുന്നു സി.പി.എം ജനറൽ സെക്രട്ടറി.
അമേരിക്കയുമായി നയതന്ത്രപരമായ കൂട്ടുകെട്ട് ഉറപ്പിക്കുന്നതായിരുന്നു ആണവ കരാർ. സൈനിക സഹകരണമായിരുന്നു പ്രധാനം. ഇക്കാരണത്താലാണ് ഇടതുകക്ഷികൾ കരാറിനെ എതിർത്തത്. അതുതന്നെ സംഭവിച്ചുവെന്ന് പിന്നീടുണ്ടായ സംഭവങ്ങൾ കാണിക്കുന്നു. ആണവ കരാർ നമുക്ക് എന്തു നേടിത്തന്നു? നമ്മുടെ ആണവശക്തി വർധിപ്പിക്കാനും വിപുലീകരിക്കാനും കഴിയുമെന്ന് അവർ പറഞ്ഞു. ഒന്നും സംഭവിച്ചില്ല. അമേരിക്കയുമായി സൈനിക തലത്തിലും നയതന്ത്ര തലത്തിലും അടുത്ത ബന്ധം സ്ഥാപിച്ചുവെന്നത് മാത്രമാണ് സംഭവിച്ചത്. ഞങ്ങൾ അന്ന് പറഞ്ഞതും ഇതുതന്നെയാണ് -കാരാട്ട് പറഞ്ഞു. ആണവ കരാർ ഇന്ത്യയെ പൂർണമായും അമേരിക്കയുടെ ആശ്രിതരാക്കുമെന്നതായിരുന്നു ഞങ്ങളുടെ നിലപാട്.
ചൈനയുമായി ഏതെങ്കിലും ഘട്ടത്തിൽ ആണവകരാർ വിഷയത്തിൽ ആശയവിനിമയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒരു തരത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ലെന്ന് കാരാട്ട് മറുപടി നൽകി. ആണവ ദാതാക്കളുടെ കൂട്ടായ്മയിൽ ചൈന ഇന്ത്യയെ പിന്തുണക്കുമായിരുന്നെങ്കിൽ പോലും ഇക്കാര്യത്തിലെ ഞങ്ങളുടെ നിലപാടിൽ മാറ്റമുണ്ടാകുമായിരുന്നില്ല -കാരാട്ട് പറഞ്ഞു.
2007-08 കാലത്ത് ഇന്ത്യ-യു.എസ് ആണവ കരാറിനെ എതിർക്കാൻ ചൈന ഇന്ത്യയിലെ ഇടതുപാർട്ടികളുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ചുവെന്നാണ് മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ആരോപണമുയർത്തിയത്. അദ്ദേഹത്തിന്‍റെ പുസ്തകമായ 'ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ'യിലാണ് വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിേയക്കാവുന്ന വെളിപ്പെടുത്തലുകൾ.
ഇടതു പാർട്ടികളുമായുള്ള അടുത്ത ബന്ധം ചൈന ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ഗോഖലെ പറയുന്നു. സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും ഉന്നത നേതാക്കൾ കൂടിക്കാഴ്ചകൾക്കായും ചികിത്സക്കായും ചൈനയിലേക്ക് പോകാറുണ്ടായിരുന്നു.
മൻമോഹൻ സിങ്ങിന്‍റെ യു.പി.എ സർക്കാറിൽ ഇടതുകക്ഷികൾക്കുണ്ടായിരുന്ന സ്വാധീനം മനസ്സിലാക്കിയാണ് ചൈന ഇടപെടൽ നടത്തിയത്. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്കുള്ള ചൈനയുടെ ആദ്യ ഇടപെടലായിരുന്നു ഇത്. എന്നാൽ, പ്രത്യക്ഷത്തിൽ രംഗത്തുവരാതെ മറഞ്ഞിരുന്നു -ഗോഖലെ എഴുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.