ദിവസത്തിെൻറ 24 മണിക്കൂറിനെ 48 മണിക്കൂറായി പെരുപ്പിക്കുംവിധമുള്ള സജീവ രാഷ്ട്രീയ ജീവിത തിരക്കുകളോട് സലാം പറഞ്ഞ് എട്ടുകൊല്ലം മുമ്പ് രാഷ്ട്രപതി ഭവനിലേക്ക് ആചാരപ്രൗഢിയോടെ കടന്നുചെല്ലുേമ്പാൾ പ്രണബ് മുഖർജി കുണ്ഠിതപ്പെട്ടു. ''ഞാനൊരു പുരാവസ്തുവായി''. അദ്ദേഹത്തെ അവിടേക്ക് ആനയിച്ച നേതാക്കൾ പങ്കുവെച്ച വികാരവും അതുതന്നെയായിരുന്നു. ''അദ്ദേഹം അതിനുള്ളിൽ എങ്ങനെ അഞ്ചുവർഷം കഴിയും?''
തിരക്കുകൾ ഇഷ്ടപ്പെട്ട ജീവിതമായിരുന്നു മുഖർജിയുടേത്. അഥവാ, വിശ്രമിക്കാൻ ഇടവേള കണ്ടെത്താൻ കഴിയാത്തത്ര ജോലിഭാരം. കുറെ ഫയലും ഒരു ചുരുട്ടുമുണ്ടെങ്കിൽ മുഖർജി അറിയാതെ പാതിരാത്രിയും പുലർകാലവുമൊക്കെ കടന്നുപോകും. ഫയലുകൾ അല്ലെങ്കിൽ രാഷ്ട്രീയ കൂടിയാലോചനകൾ.
ആണവകരാറിെൻറ കുടുക്കഴിക്കുന്നതു മുതൽ കരുണാകരനും ആൻറണിയും യു.ഡി.എഫ് സഖ്യകക്ഷികളുമായുള്ള കോഴിയങ്കംവരെയുള്ള കാര്യങ്ങളിൽ പച്ചവെളിച്ചം കത്തിക്കാൻ മുഖർജി ചുരുട്ട് ആഞ്ഞുവലിച്ച പാതിരാത്രികളെത്ര?
രാഷ്ട്രപതിയാകാൻ ഇഷ്ടപ്പെട്ടതു പോലും പ്രധാനമന്ത്രിയാകാൻ നിവൃത്തിയില്ലെന്നുവന്നപ്പോഴാണ് എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയും. എന്നുകരുതി രാഷ്ട്രപതിഭവനിലൊരു രണ്ടാമൂഴത്തിന് അദ്ദേഹം ഇഷ്ടപ്പെട്ടില്ല എന്ന് അർഥമില്ല. സാഹചര്യങ്ങൾ ഒത്തുവന്നില്ല എന്നുമാത്രം.
പുരാവസ്തുവെന്ന് മുഖർജി സ്വയം വിശേഷിപ്പിച്ചുവെങ്കിലും, രാഷ്്ട്രീയത്തിലെ പല തലമുറകളെ നിയന്ത്രിക്കുകയും സ്വാധീനിക്കുകയുംചെയ്ത അതികായനാണ് മുഖർജി. എന്നിട്ടും കോൺഗ്രസിൽ ഒരിക്കലും ഒന്നാമനാകാൻ മുഖർജിക്ക് കഴിഞ്ഞില്ല. എല്ലാറ്റിലും മുഖർജിയുടെ കൈത്തഴക്കവും കൈയൊപ്പും ഉപയോഗപ്പെടുത്തിയപ്പോൾ തന്നെ, നെഹ്റുകുടുംബം പൂർണവിശ്വാസമർപ്പിച്ചില്ല. ഒന്നാമനാകാൻ യോഗ്യത തനിക്കാണെന്ന ബോധം നിർണായക ഘട്ടങ്ങളിലെല്ലാം മുഖർജിയെ ഭരിച്ചുവെന്നത് മറുപുറം.
സോണിയയെയും രാഹുലിനെയുമൊക്കെ രാഷ്്ട്രീയക്കളത്തിലേക്ക് ഇറക്കി ക്കൊണ്ടുവരുന്നതിൽ പങ്കുവഹിച്ചവരുടെ മുന്നിൽത്തന്നെ മുഖർജി ഉണ്ടായിരുന്നു. രാഷ്്ട്രീയത്തിെൻറ ചതുരംഗക്കളത്തിൽ അവർക്ക് അടിയും തടയും ഒഴിവും പറഞ്ഞു കൊടുത്തവരുടെയും മുൻനിരയിൽതന്നെയായിരുന്നു മുഖർജി.
ഒറ്റപ്പാർട്ടി ജനാധിപത്യത്തിെൻറ ദുരഭിമാനവുമായിനിന്ന കോൺഗ്രസിനെ സഖ്യകക്ഷി രാഷ്ട്രീയത്തിലേക്ക് സോണിയ നയിച്ചപ്പോൾ, ചിന്താശിബിരങ്ങളിൽ മുഖർജി താത്ത്വികനായി, പാർട്ടി ലൈൻ ചിട്ടപ്പെടുത്തി. എന്നിട്ടും, 2004ൽ കോൺഗ്രസ് അധികാരം പിടിച്ചപ്പോൾ, സോണിയ പിന്മാറ്റം പ്രഖ്യാപിച്ചിട്ടും മുഖർജി പ്രധാനമന്ത്രിയായില്ല. മൻമോഹൻസിങ്ങായിരുന്നു ഏറ്റവും വിശ്വസ്തൻ.
കലഹിക്കുന്നതിനെക്കാൾ അവസരങ്ങൾക്ക് തക്കംപാർത്തു കഴിയുന്നതാണ് രാഷ്്ട്രീയത്തിലെ ശരിയായ പാഠമെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയ ചാണക്യനായി മാറിയ പ്രണബിനെയാണ് ഭരണ, പ്രതിപക്ഷ നേതൃനിര പിന്നീടിങ്ങോട്ട് കണ്ടത്. അതിനൊടുവിൽ മൻമോഹൻസിങ് രണ്ടാമൂഴം പ്രധാനമന്ത്രിയായി.
മൂന്നാംവർഷം മുഖർജി രാഷ്ട്രപതിയായി. കെ.ആർ. നാരായണനും എ.പി.ജെ. അബ്ദുൽ കലാമിനും പ്രതിഭ പാട്ടീലിനും ശേഷം പൊളിറ്റിക്കൽ പ്രസിഡൻറ് വരുന്നതിെൻറ മെച്ചങ്ങളെക്കുറിച്ച വർത്തമാനങ്ങളാണ് അന്ന് എവിടെയും ഉയർന്നുകേട്ടത്. എന്നാൽ, അതിനൊത്ത ആർജവമോ പതിറ്റാണ്ടുകളുടെ രാഷ്്ട്രീയ കൈത്തഴക്കമോ പ്രണബ് മുഖർജി കാണിച്ചില്ല.
മുഖർജി രാഷ്ട്രപതി ഭവനിലിരുന്ന 2012നും 2017നുമിടയിൽ ഇന്ത്യയുടെ രാഷ്്ട്രീയം വഴിമാറി ഒഴുകി. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക്, അതിലേറെ വർഗീയ, വിഭജന രാഷ്ട്രീയത്തിലേക്കൊരു കുത്തൊഴുക്ക്. ന്യൂനപക്ഷ ആക്രമണം, ആൾക്കൂട്ട കൊല എന്നിങ്ങനെ സാമൂഹിക സാഹചര്യങ്ങൾ കലുഷിതമായപ്പോൾ പൊളിറ്റിക്കൽ പ്രസിഡൻറ് കണ്ണടച്ചുനിന്നു.
കാവിക്കൂട്ടങ്ങളുടെ തെമ്മാടിത്തത്തിനു മുന്നിൽ പൊളിറ്റിക്കൽ പ്രസിഡൻറ് ഒന്നും ചെയ്തില്ല. മുറവിളികൾക്ക് ചെവികൊടുക്കാൻ കൂട്ടാക്കാതെ യാക്കൂബ് മേമനും അഫ്സൽ ഗുരുവിനും മുന്നിൽ ദയയുടെ അവസാനത്തെ വാതിലായ രാഷ്ട്രപതി ഭവൻ കൊട്ടിയടച്ചു. മുഖർജിയുടെ കാലത്താണ് ഏറ്റവും കൂടുതൽ, 24 വധശിക്ഷകൾ ഇന്ത്യ നടപ്പാക്കിയത്. ഭരണഘടന സാധുത നോക്കാതെ സംസ്ഥാനങ്ങളിലെ കുതിരക്കച്ചവടങ്ങൾക്ക് കൈയൊപ്പു ചാർത്തിക്കൊടുത്തു.
അധികാരത്തിലിരിക്കുന്നവരുടെ ഒരു നടപടിയിലും തെറ്റുകാണാതിരുന്ന പൊളിറ്റിക്കൽ പ്രസിഡൻറ് മോദിസർക്കാറിനോ ബി.ജെ.പിക്കോ ഒരിക്കലും ഒരു അലോസരവും ഉണ്ടാക്കിയില്ല. ബി.ജെ.പി അധികാരംപിടിച്ചപ്പോൾ രാഷ്ട്രപതി ഭവനിലിരുന്ന പ്രണബ് അവരുമായി നിരന്തരം സമരസപ്പെട്ടു.
ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിനെ രാഷ്്ട്രപതി ഭവെൻറ അതിഥിയാക്കാനും മടിച്ചില്ല. രാഷ്ട്രപതിയായിരിക്കുേമ്പാൾ നാഗ്പൂരിൽ പോകാൻ കഴിയാത്ത മുഖർജി അതിനുശേഷം ആർ.എസ്.എസ് ആസ്ഥാനത്ത് പ്രധാന പ്രഭാഷകനായി. കോൺഗ്രസുകാർക്കിടയിലെ ഭാരത്രത്നമായി മോദിസർക്കാർ അംഗീകരിച്ച് ആദരിച്ചു. എല്ലാം ബംഗാളി ബ്രാഹ്മണെൻറ മനസ്സോടെ പ്രണബ് മുഖർജി ഇരുകൈയും നീട്ടി സ്വീകരിച്ചു.
കോൺഗ്രസും രണ്ടാമൂഴം തരപ്പെടാതെ രാഷ്ട്രപതി ഭവനും വിട്ട് 84ാം വയസ്സിലേക്ക് നടന്നപ്പോൾ, അദ്ദേഹം പതിറ്റാണ്ടുകൾ ഉയർത്തിപ്പിടിച്ച മൂവർണക്കൊടിക്ക് കാവിച്ചന്തമായിരുന്നുവെന്ന് വിമർശകർ പറയും. എല്ലാറ്റിനുമിടയിൽ യാഥാർഥ്യം ബാക്കി: രാഷ്ട്രീയ പാണ്ഡിത്യത്തിെൻറ ചാണക്യ പെരുമകൾക്കപ്പുറം നിലപാടുകളേക്കാൾ, അധികാരത്തിനും പദവിക്കും അംഗീകാരത്തിനും അടിപ്പെട്ടുപോയ നേതാവാണ് പ്രണബ് മുഖർജിയെന്നാണ് കാലം സാക്ഷ്യപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.