കർമഫലം തിരിച്ചടിക്കുന്നു; കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് പ്രണബ് മുഖർജിയുടെ മകൾ

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ട മുഖർജി. കെജ്രിവാളും അണ്ണ ഹസാരെ ഗ്രൂപ്പും തീർത്തും നിരുത്തരവാദപരവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങളാണ് ഡൽഹി മുൻ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെതിരെ ഉയർത്തിയിരുന്നതെന്ന് ഷർമിഷ്ട പറഞ്ഞു. ഷീല ദീക്ഷിതിനെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ടെന്നായിരുന്നു അവർ വാദിച്ചത്. എന്നാൽ പൊതുജനങ്ങൾക്കു മുന്നിൽ അവർക്ക് തെളിവ് നൽകാൻ കഴിഞ്ഞില്ല. കർമഫലം തിരിച്ചടിക്കുമ്പോൾ എന്ന് പറഞ്ഞുകൊണ്ടാണ് ശർമിഷ്ട പോസ്റ്റ് അവസാനിപ്പിച്ചത്. ആരെങ്കിലും മറ്റുള്ളവർക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുമ്പോൾ ഒരിക്കൽ അത് അവർക്കു തന്നെ വിനയായി മാറുമെന്നും അവർ എക്സിൽ കുറിച്ചു.

സമീപകാലത്ത് കോൺഗ്രസിനെതിരെ നടത്തിയ വിമർശനത്തിൽ വലിയ രീതിയിലുള്ള ആക്രമണമാണ് താൻ സാമൂഹികമാധ്യമങ്ങളിലൂടെ നേരിട്ടതെന്നും ശർമിഷ്ട പറഞ്ഞു. രാഹുൽ ഗാന്ധിക്ക് പക്വതയില്ലെന്നായിരുന്നു ശർമിഷ്ടയുടെ പ്രധാന വിമർശനം. ​​ഒരു പ്രവർത്തക എന്ന നിലക്ക് പാർട്ടിയെ കുറിച്ച് പറയുകയാണെങ്കിൽ ദേശീയ പാർട്ടി എന്ന നിലക്ക് കോൺഗ്രസിന് ഒരുപാട് പ്രാധാന്യമു​ണ്ടെന്ന് അവർ ജയ്പൂരിലെ ലിറ്ററേച്ചർ ഫെസ്റ്റിവലിനിടെ വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയെ പാർട്ടിയുടെ മുഖമായി അവതരിപ്പിക്കുന്നതിലായിരുന്നു അവർക്ക് എതിർപ്പ്. രാഹുൽ ഗാന്ധിയെ പാർട്ടി​യുടെ മുഖമായി അവതരിപ്പിച്ച രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് വൻ തിരിച്ചടിയാണ് നേരിട്ടതെന്നും അവർ വിശദീകരിക്കുകയുണ്ടായി.

അതിനിടെ, തീർത്തും ജനാധിപത്യ വിരുദ്ധ മാർഗങ്ങളിലൂടെ വിജയിക്കാനാണ് ബി.ജെ.പി ശ്രമം നടത്തുന്നതെന്നും ഇ.ഡിയെ ഒരു ആയുധമായി ഉപയോഗിക്കാതെ തീർത്തും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് ബി.ജെ.പി അവസരമൊരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ''ബി.ജെ.പി ജനാധിപത്യത്തെ കൊല്ലാക്കൊല ചെയ്യുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അവർ രണ്ട് മുഖ്യമന്ത്രിമാരെ ഇ.ഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചു(​ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ).ഒരു പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ബി.ജെ.പിയുടെ കുതന്ത്രങ്ങളാണിതെല്ലാം. ഇങ്ങനെയല്ല, തെരഞ്ഞെടുപ്പു ഗോദയിൽ നേർക്കു നേരെ നിന്ന് പോരാടണമെന്നാണ് ബി.ജെ.പിയോട് പറയാനുള്ളത്. ഇ.ഡിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണം. -ശർമിഷ്ട ആവശ്യപ്പെട്ടു.

Tags:    
News Summary - Pranab Mukherjee's daughter on Arvind Kejriwal's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.