പ്രശാന്ത് കിഷോറിന്‍റെ 'ഐപാക്' സംഘത്തെ ത്രിപുരയിൽ ഹോട്ടലിൽ തടഞ്ഞുവെച്ചു

അഗർത്തല: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ ഐപാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) സംഘത്തെ ത്രിപുരയിൽ ഹോട്ടലിൽ തടഞ്ഞുവെച്ചു. സംസ്ഥാന ഭരണത്തെ കുറിച്ച് ജനങ്ങൾക്കിടയിലുള്ള അഭിപ്രായമറിയാൻ സർവേ നടത്തുന്നതിനായാണ് സംഘം ത്രിപുരയിലെത്തിയത്. അഗർത്തലയിലെ സ്വകാര്യ ഹോട്ടലിൽ സംഘത്തെ തടഞ്ഞുവെക്കുകയായിരുന്നെന്നാണ് പരാതി.

പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് ഹോട്ടലിലെത്തി സംഘത്തെ ചോദ്യംചെയ്തു. സന്ദർശനത്തിന്‍റെ ഉദ്ദേശ്യവും താമസവുമെല്ലാം ചോദിച്ചറിഞ്ഞ ശേഷം ഹോട്ടലിന് പുറത്തിറങ്ങരുതെന്ന് നിർദേശിക്കുകയായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് നൽകാനും ആവശ്യപ്പെട്ടു. 

23 പേരടങ്ങിയ ഐപാക് സംഘമാണ് സർവേക്കെത്തിയതെന്നും കോവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായാണ് ഹോട്ടലിൽ തന്നെ തുടരാൻ നിർദേശിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഐപാക് സംഘത്തെ ബി.ജെ.പി സർക്കാർ വീട്ടുതടങ്കലിലാക്കിയെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു. ബംഗാളിലെ തൃണമൂൽ വിജയം ബി.ജെ.പിയെ അസ്വസ്ഥരാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് ഐപാക് സംഘം സർവേ നടത്തുന്നതെന്നാണ് വിവരം. ബംഗാളിൽ മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ചത് പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തിലായിരുന്നു. 

Tags:    
News Summary - Prashant Kishor’s I-PAC team ‘under house arrest’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.