ന്യൂഡൽഹി: പാർലമെന്റിൽ കടന്നാക്രമണം നടത്തിയ പ്രതികൾക്ക് സന്ദർശക പാസ് നൽകി എന്ന വാർത്ത വന്നതിനു പിന്നാലെ പ്രതിക്കൂട്ടിലായിരിക്കുന്നത് കുടകിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയാണ്. രണ്ടാംവട്ടമാണ് ബി.ജെ.പിയുടെ ടിക്കറ്റിൽ സിംഹ കുടകിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2014ലും 2019ലും നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളിലാണ് ഇദ്ദേഹം വിജയിച്ചത്. ഗുരുതരമായ സുരക്ഷ വീഴ്ചയാണ് സംഭവിച്ചത് എന്ന് തെളിഞ്ഞിട്ടും സിംഹക്കെതിരെ നടപടിയെടുക്കാത്തതിനെ മറ്റ് എം.പിമാർ ചോദ്യം ചെയ്തിരുന്നു.
എന്നാൽ സുരക്ഷവീഴ്ചക്കെതിരെ പ്രതിഷേധിച്ച 14 എം.പിമാരെയാണ് പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പാർലമെന്റ് ലോഗിൻ ഐഡിയും പാസ്വേഡും കൈമാറിയ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ പുറത്താക്കിയതിനെ ചോദ്യം ചെയ്ത എം.പിമാർ സിംഹക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം സംഭവം രാഷ്ട്രീയവത്കരിക്കുകയാണെന്നായിരുന്നു ബി.ജെ.പി സർക്കാരിന്റെ ആരോപണം. ഈയവസരത്തിൽ പോലും സിംഹക്കെതിരെ പ്രസ്താവനയിറക്കാൻ പോലും ബി.ജെ.പി സർക്കാർ തയാറായില്ല എന്നതും ശ്രദ്ധേയമാണ്. അക്രമികളിലൊരാൾക്ക് നൽകിയ പാസിൽ ഒപ്പുവെച്ചത് സിംഹയാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് ബി.എസ്.പി എം.പി ഡാനിഷ് അലിയാണ്. ഇതിന്റെ ചിത്രം അദ്ദേഹം എക്സിൽ പങ്കുവെക്കുകയും ചെയ്തു.
പാർലമെന്റ് ഭീകരാക്രമണത്തിന്റെ 22ാം വാർഷികദിനത്തിൽ മറ്റൊരു നടുക്കുന്ന സംഭവത്തിന് കൂടി രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നു. പാർലമെന്റിലെ സന്ദർശക ഗാലറിയിൽ നിന്ന് എം.പിമാർ ഇരിക്കുന്ന ഭാഗത്തേക്ക് ചാടിയിരിക്കുന്നു. അയാൾ ബി.ജെ.പി എം.പിയുടെ അതിഥിയാണ്.''-എന്നായിരുന്നു ഡാനിഷ് അലിയുടെ പോസ്റ്റ്. അതിക്രമിച്ചു കടന്ന മനോരഞ്ജന്റെ പിതാവിനെ തനിക്കറിയാമായിരുന്നുവെന്നാണ് സിംഹ പാർലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയോട് പറഞ്ഞത്. പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനായി മനോരഞ്ജൻ ബി.ജെ.പി എം.പിയെ സമീപിച്ചിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതാദ്യമായല്ല, സിംഹ വിവാദത്തിൽ പെടുന്നത്. മുസ്‍ലി
മുസ്‍ലിം സമുദായത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ആക്രമിക്കുന്ന പ്രകോപനപരമായ പ്രസ്താവനകൾക്ക് കുപ്രശസ്തനായ വ്യക്തിയാണ് മുൻ കന്നഡ ഭാഷാ പത്രപ്രവർത്തകനായ സിംഹ. 2014 വരെ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. തീവ്ര ഹിന്ദുത്വ നിലപാടുകൾക്ക് പേരുകേട്ട കന്നഡ ദിനപത്രമായ വിശ്വവാണി നടത്തുന്ന എഡിറ്റർ വിശ്വേശ്വര് ഭട്ടിന്റെ കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്.
2010ൽ ഖനന മാഫിയക്കെതിരെ ആദ്യപുസ്തകം രചിച്ചു. 2014ൽ അദ്ദേഹം മോദിയെ കുറിച്ച് എഴുതിയ പുസ്തകമാണ് ലോക്സഭ ടിക്കറ്റ് നേടിക്കൊടുത്തത്. അതിനുശേഷം ന്യൂനപക്ഷങ്ങൾക്കെതിരായ രാഷ്ട്രീയ നിലപാടുകൾ ശക്തമാക്കി. 2015ൽ സിംഹ ടിപ്പു സുൽത്താനെ കുറിച്ച് മറ്റൊരു പുസ്തകം കൂടി രചിച്ചു. ടിപ്പു സുൽത്താൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നോ? എന്നായിരുന്നു അതിന്റെ പേര്. തീവ്രഹിന്ദുത്വ നിലപാടുകൾ നിറഞ്ഞ പുസ്തകം ടിപ്പുവിനെ ഇകഴ്ത്തിക്കാട്ടാനുള്ള ഹിന്ദുത്വ ശക്തികളുടെ റഫറൻസ് ഗ്രന്ഥമായി മാറി. 2019ൽ വീണ്ടും എം.പിയായി. 2022 നവംബറിൽ നഞ്ചൻഗുഡ് ഹൈവേയിലെ ബസ് സ്റ്റാൻഡിലെ പള്ളിയുടെ നിർമിതിയോട് സാമ്യമുള്ള താഴികക്കുടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം തകർക്കുമെന്ന് സിംഹ ഭീഷണിപ്പെടുത്തി.
2019ൽ നടൻ പ്രകാശ് രാജിനെതിരെ സമൂഹമാധ്യമം വഴി അപകീർത്തികരമായ പരാമർശം നടത്തിയതിന് സിംഹ ക്ഷമാപണം നടത്തി. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രി മോദിയുടെ മൗനത്തെ ചോദ്യം ചെയ്യുന്ന പ്രകാശ് രാജിന്റെ ട്വീറ്റിനെയായിരുന്നു സിംഹ അപമാനിച്ചത്. 2022ൽ കർണാടകയിൽ സ്കൂളുകളിലെ ഹിജാബ് നിരോധന സമയത്ത്, പ്രതിഷേധിക്കുന്നവർ പാകിസ്താനിലേക്ക് പോകണം എന്നായിരുന്നു സിംഹയുടെ ആഹ്വാനം. ഇയാൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ യെദിയൂരപ്പ അധികാരത്തിൽ വന്നപ്പോൾ കർണാടക സർക്കാർ പിൻവലിച്ചു.
2017 ഡിസംബറിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ അഡീഷനൽ പോലീസ് സൂപ്രണ്ടിനെ പരിക്കേൽപ്പിച്ച കേസിലാണ് സിംഹക്കെതിരെ കേസുണ്ടായിരുന്നത്. ജോലി നിർവഹിക്കുന്നതിനിടെ പൊതുപ്രവർത്തകനെ സ്വമേധയാ പരിക്കേൽപ്പിച്ചതിനും അദ്ദേഹത്തിനെതിരെ കേസുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.