ന്യൂഡൽഹി: കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് കോവിഡ് ബാധിതരായവരുടെ ബന്ധുക്കളെ ആശുപത്രിയിലെത്തി സന്ദർശിച്ചതിന് പിന്നാെല വിവാദവും. ജോധ്പുരിലെ ആശുപത്രിയിലെത്തിയ അദ്ദേഹം രോഗികളുടെ ബന്ധുക്കളോട് 'ബാലാജിക്ക് ഒരു തേങ്ങ നൽകൂ, എല്ലാം ശരിയാകും' എന്ന് നടത്തിയ പ്രസ്താവനക്കെതിരെയാണ് പ്രതിഷേധം.
രാജസ്ഥാനിലെ കോവിഡ് കേസുകൾ വിലയിരുത്തുന്നതിന് ബി.ജെ.പി നേതാവായ ഗജേന്ദ്ര സിങ് ഷെഖാവത്ത് ജോധ്പുരിലെ എയിംസ്, എം.ഡി.എം, എം.ജി.എച്ച് ആശുപത്രികൾ സന്ദർശിക്കുകയായിരുന്നു. മധുരദാസ് മധൂർ ആശുപത്രിയിലെത്തിയ അദ്ദേഹത്തിന് സമീപം ഒരു യുവാവ് എത്തുകയും മാതാവിന്‍റെ ജീവൻ രക്ഷിക്കാൻ ഡോക്ടറെ നൽകണമെന്ന് അറിയിക്കുകയും ചെയ്തു. ഉടൻതന്നെ രോഗിയുടെ അടുത്തേക്ക് ആരെയെങ്കിലും അയക്കണമെന്ന് മന്ത്രി നിർദേശിക്കുകയും ചെയ്തു. എന്നാൽ ഡോക്ടർ പരിശോധനക്ക് എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു.
സംഭവത്തിന് തൊട്ടുപിന്നാലെ കരയുന്ന രണ്ടു സ്ത്രീകളെ കണ്ടുമുട്ടുകയായിരുന്നു. ഇരുവരും മന്ത്രിയോട് സങ്കടം പറയുന്നതിനിടെ എല്ലാം ദൈവം ശരിയാക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. കൂടാതെ, ബാലാജി മഹാരാജിന് ഒരു തേങ്ങ നൽകാനും ഇതോടെ എല്ലാം ശരിയാകുമെന്നും മന്ത്രി നിർദേശിച്ചു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ ട്വിറ്ററിലടക്കം പ്രതിഷേധം ശക്തമായി. ചികിത്സിക്കാൻ ഡോക്ടർമാരെ നൽകാതെ ഉത്തരവാദിത്തത്തിൽനിന്ന് കൈയൊഴിയുന്നതിനെതിരെയായിരുന്നു വിമർശനം.
എന്നാൽ, സംഭവം വിവാദമായതോടെ പ്രതികരണവുമായി ഗജേന്ദ്രസിങ് ഷെകാവത്ത് രംഗത്തെത്തി. വിഷമിച്ചിരിക്കുന്ന അമ്മമാരെ ആശ്വസിപ്പിക്കേണ്ടത് തന്‍റെ കടമയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഡോക്ടർമാർ ചെയ്യുന്ന ജോലിയെക്കുറിച്ച് തങ്ങൾക്ക് യാതൊരു സംശയവുമില്ല, അവർ അവരുടെ ഉത്തരാവാദിത്തം നിറവേറ്റുന്നുണ്ടെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.