നോയിഡ: ചികിത്സക്കായി 13 മണിക്കൂർ നീണ്ട തെരച്ചിൽ വിഫലമായതിന് പിന്നാലെ ഉത്തർപ്രദേശിൽ ഗർഭിണി ആംബുലൻസിൽ മരിച്ചു. എട്ടുമാസം ഗർഭിണിയായ നീലവും ഭർത്താവ് വിജേന്ദർ സിങ്ങും സർക്കാർ ആശുപത്രികളടക്കം എട്ടിലേറെ ആശുപത്രികളുടെ വാതിലുകളിൽ മുട്ടിയെങ്കിലും ഫലമുണ്ടായില്ല.
നോയിഡ- ഗാസിയാബാദ് അതിർത്തിയിൽ താമസിക്കുന്ന കുടുംബം ശിവാലിക് സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. വെള്ളിയാഴ്ച ആശുപത്രിയിലെത്തിയപ്പോൾ ചികിത്സക്ക് വിസമ്മതിച്ചതോടെയാണ് മറ്റു സൗകര്യങ്ങൾ തേടാൻ ദമ്പതികൾ നിർബന്ധിതരായത്.
‘ആദ്യം ഞങ്ങൾ ഇ.എസ്.ഐ ആശുപത്രിയിൽ പോയി. ശേഷം െസക്ടർ 30ലെ ആശുപത്രിയിൽ ചെന്നു. അതിനുശേഷം ശാരദാ ആശുപത്രിയിലും ഗ്രേറ്റർ നോയ്ഡയിലെ ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലുമെത്തി. എന്നാൽ ഒരിടത്തും അവർ പ്രവേശിപ്പിക്കാൻ തയാറായില്ല’ -സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വിഡിയോയിൽ കുടുംബാംഗം ആരോപിച്ചു. നാലിലധികം സ്വകാര്യ ആശുപത്രികളിലെത്തി സഹായത്തിനായി അപേക്ഷിച്ചെങ്കിലും കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് ൈകമലർത്തുകയായിരുന്നു.
അഡീഷനൽ ജില്ല മജിസ്ട്രേറ്റ് മുനീന്ദ്രനാഥ് ഉപാധ്യായയോടും ചീഫ് മെഡിക്കൽ ഓഫിസർ ദീപക് ഓഹ്രിയോടും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ നിർദേശിച്ചതായി ജില്ല മജിസ്ട്രേറ്റ് എൽ.വൈ. സുഹാസ് പ്രസ്താവനയിൽ പറഞ്ഞു. രണ്ടാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് ജില്ലയിൽ ചികിത്സ കിട്ടാതെ ജീവൻ നഷ്ടമായത്. മെയ് 25ന് നവജാത ശിശുവാണ് ചികിത്സ കിട്ടാതെ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.