ന്യൂഡൽഹി: ജൂലൈയിൽ നടക്കേണ്ട രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഭരണ, പ്രതിപക്ഷ പാർട്ടികൾ കരുനീക്കങ്ങളിൽ. അതേസമയം, ബി.ജെ.പിയെ നേരിടുന്ന സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി കോൺഗ്രസിൽനിന്നാകാൻ സാധ്യത മങ്ങി.
പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസിനുള്ള അർഹത ചോദ്യംചെയ്യുന്ന വിവിധ പാർട്ടികൾ യോജിച്ച നീക്കത്തിനുള്ള പുറപ്പാടിലാണ്. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്വാദി പാർട്ടി, തെലങ്കാന രാഷ്ട്രസമിതി തുടങ്ങിയവ കോൺഗ്രസിന് പുറത്തുനിന്നാകണം പ്രതിപക്ഷ സ്ഥാനാർഥി എന്ന നിലപാടിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും ലോക്സഭ മുൻ സ്പീക്കറുമായ മീരാകുമാറായിരുന്നു സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി. രാംനാഥ് കോവിന്ദിന് 66.65 ശതമാനവും മീരാകുമാറിന് 34.35 ശതമാനവും വോട്ടാണ് കിട്ടിയത്. കോൺഗ്രസ് ഭരണം രണ്ടു സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങിയിരിക്കെ, മറ്റു പാർട്ടികളിൽനിന്നുള്ളവരെ സ്ഥാനാർഥിയാക്കണമെന്ന വാദഗതി ഉയർത്താൻ തൃണമൂൽ കോൺഗ്രസാണ് മുന്നിൽ.
ആം ആദ്മി പാർട്ടിയും രണ്ടു സംസ്ഥാനങ്ങൾ ഇന്ന് ഭരിക്കുന്നുണ്ടെന്ന് തൃണമൂൽ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷത്തെ സംഘടിപ്പിക്കുന്നതിൽ കോൺഗ്രസ് ഫലപ്രദമായി ഒന്നും ചെയ്യുന്നില്ല. രാജ്യസഭയിൽ കോൺഗ്രസ് 29 സീറ്റിലേക്ക് ചുരുങ്ങി. തൃണമൂൽ, എസ്.പി, ആപ്, ടി.ആർ.എസ് എന്നിവ ചേർന്നാൽ 32 സീറ്റുണ്ട്. അതേസമയം, സ്വന്തം രാഷ്ട്രപതി സ്ഥാനാർഥിയുടെ ജയം ഉറപ്പിക്കാൻ കൂടുതൽ പാർട്ടികളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ജനതാദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിനെയാണ് പിന്തുണച്ചതെങ്കിലും 2012ൽ പ്രണബ് മുഖർജിക്കൊപ്പമായിരുന്നു നിതീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.