ന്യൂഡൽഹി: ബി.ജെ.പിയുടെ ആദിവാസി വനിത നേതാവും മുൻ ഝാർഖണ്ഡ് ഗവർണറുമായ ദ്രൗപദി മുർമു ഇന്ത്യയുടെ 15ാമത് രാഷ്ട്രപതി. എൻ.ഡി.എ സ്ഥാനാർഥിയായ മുർമു നേരിട്ടുള്ള മത്സരത്തിൽ പ്രതിപക്ഷത്തിന്‍റെ പൊതുസ്ഥാനാർഥി യശ്വന്ത് സിൻഹയെ പരാജയപ്പെടുത്തി (2824-1877). വോട്ടുമൂല്യം: മുർമു-6,76,803; സിൻഹ-3,80,177. ആദ്യമായി രാജ്യത്തിന്‍റെ പരമോന്നത പദവിയിലെത്തുന്ന ആദിവാസി വനിതയായ മുർമു ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്. 64 വയസ്സും 46 ദിവസവുമാണ് പ്രായം. നിലവിലുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി അവസാനിക്കുന്നതിന്‍റെ പിറ്റേ ദിവസമായ 25ന് ദ്രൗപദി മുർമു സത്യപ്രതിജഞ ചൊല്ലി അധികാരമേൽക്കും.
എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെതുമായി 49 ശതമാനം വോട്ട് ഉറപ്പിച്ച മുർമുവിന് മുന്നണിക്ക് പുറത്തുള്ള ബിജു ജനതാദളും വൈ.എസ്.ആർ കോൺഗ്രസും അകാലിദളും ശിവസേനയുടെ ഇരുവിഭാഗങ്ങളും യു.പി.എയോടൊപ്പമുള്ള ഝാർഖണ്ഡ് മുക്തി മോർച്ചയും പിന്തുണ പ്രഖ്യാപിച്ചതോടെ ജയം അനായാസമായി. ഇത് കൂടാതെ സിൻഹക്ക് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ പാർട്ടികളിൽനിന്ന് നിരവധി പേർ മുർമുവിന് വോട്ടുചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് ഫലം. ഈ മാസം 18ന് നടന്ന തെരഞ്ഞെടുപ്പിന്‍റെ ബാലറ്റുകൾ പാർലമെന്‍റ് മന്ദിരത്തിൽ പ്രത്യേകം ഒരുക്കിയ വോട്ടെണ്ണൽ കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് എണ്ണിത്തുടങ്ങിയത്. ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാരുടെ വോട്ടുകളാണ് ആദ്യമെണ്ണിയത്. എം.പിമാരുടെ വോട്ടുകൾ എണ്ണിയപ്പോൾ സാധുവായ 748ൽ 540 വോട്ടുകളും മുർമുവിന് ലഭിച്ചു. 208 വോട്ടുകളേ യശ്വന്ത് സിൻഹക്ക് ലഭിച്ചുള്ളൂ.
തുടർന്നങ്ങോട്ട് ഓരോ റൗണ്ടിലും ലീഡ് കൂട്ടി വ്യക്തമായ ആധിപത്യം നേടിയ ദ്രൗപദി മൂന്നാം റൗണ്ട് എണ്ണിയപ്പോൾ ജയിക്കാനാവശ്യമായ 50 ശതമാനം വോട്ട് മറികടന്നു. അതോടെ വോട്ടെണ്ണി തീരാൻ കാത്തുനിൽക്കാതെ പരാജയം സമ്മതിച്ച് പ്രതിപക്ഷ പൊതു സ്ഥാനാർഥി യശ്വന്ത് സിൻഹ മുർമുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. അവസാന ഫലത്തിന് കാത്തുനിൽക്കാതെ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഡൽഹിയിലെ വസതിയിലെത്തി മുർമുവിനെ അഭിനന്ദിച്ചു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വസതിയിൽവന്ന് അവരെ അഭിനന്ദിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളും വിവിധ കക്ഷിനേതാക്കളും കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും അവരെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്തു.
ഡൽഹിയിലും സ്വദേശമായ രായിരംഗ്പുരിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഫലപ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ ബി.ജെ.പി വിപുലമായ ആഘോഷങ്ങൾ തുടങ്ങി. ഡൽഹിയിലെ മുർമുവിന്‍റെ വസതിയിലും രാജ്പഥിലും ബി.ജെ.പി ആസ്ഥാനത്തും പാർട്ടി പ്രവർത്തകർ വൈകുന്നേരത്തോടെ ആഘോഷം തുടങ്ങിയിരുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ആദിവാസി വോട്ടുകൾ പിടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ രാഷ്ട്രീയ നീക്കത്തിലൂടെ ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചൽപ്രദേശിലും മുർമുവിന്‍റെ സംസ്ഥാനമായ ഒഡിഷയിലും ഗവർണറായിരുന്ന ഝാർഖണ്ഡിലും പശ്ചിമ ബംഗാളിലും വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.
ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിൽ ഉപർബേഡ ഗ്രാമത്തിൽ സാന്താൾ ആദിവാസി ഗോത്രത്തിൽ 1958 ജൂൺ 20നാണ് മുർമുവിന്‍റെ ജനനം. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ശ്യാം ചരൺ മുർമു 2014ൽ മരണപ്പെട്ടു. രണ്ട് ആൺമക്കളും മരിച്ചു. മകൾ ഇതിശ്രീ മുർമു വിവാഹിതയാണ്. ഗണേശ് ഹെംബ്രം ആണ് ജാമാതാവ്. ഭുവനേശ്വറിലെ രാംദേവി വനിത കോളജിൽനിന്ന് ബി.എ പൂർത്തിയാക്കി രായിരംഗ്പുരിലെ ആദ്യ വനിത ബിരുദധാരിയായ ദ്രൗപദി മുർമു ജലസേചന, ഊർജ വകുപ്പുകളിൽ ജൂനിയർ അസിസ്റ്റന്‍റായും ശ്രീ അരബിന്ദോ ഇൻറഗ്രൽ എജുക്കേഷൻ സെന്‍ററിൽ അസിസ്റ്റന്‍റ് ടീച്ചറായും സേവനമനുഷ്ഠിച്ചു.
1993ൽ ബി.ജെ.പിയിൽ ചേർന്നതോടെ പാർട്ടിയുടെ ഗോത്രവർഗ നേതാവായി വളർന്നു. പട്ടിക വർഗ മോർച്ച സംസ്ഥാന വൈസ്പ്രസിഡന്‍റായിരിക്കേ രായിരംഗ്പൂരിൽ കൗൺസിലറായി. രായ്രംഗ്പുർ നിയമസഭ മണ്ഡലത്തിൽനിന്ന് രണ്ട് തവണ എം.എൽ.എയായി. പിന്നീട് ഒഡിഷയിൽ ഗതാഗത, ഫിഷറിസ്, ആനിമൽ ഹസ്ബൻഡറി മന്ത്രിയായി. 2015ൽ ഝാർഖണ്ഡിൽ ഗവർണറായി നിയമിച്ചു. 2021 വരെ തൽസ്ഥാനത്ത് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.