ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന ബോളിവുഡ് താരം തപ്സി പന്നുവിനെയും സംവിധായകൻ അനുരാഗ് കശ്യപിനെയും കേന്ദ്രസർക്കാർ വേട്ടയാകുകയാണെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബി.ജെ.പി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് 2013ലും ആദായ നികുതി വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നായിരുന്നു പ്രതികരണം.
ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. 'മുൻ സർക്കാർ അധികാരത്തിലിരുന്നപ്പോഴും വ്യക്തികളുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് പരിശോധനകൾ സംഘടിപ്പിച്ചിരുന്നു. അപ്പോൾ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നു. എന്നാൽ ഈ സർക്കാർ നടത്തുേമ്പാൾ, വലിയ പ്രശ്നമായി ഉയർത്തിക്കാട്ടുന്നു' -നിർമല സീതാരാമൻ പറഞ്ഞു.
2013 ലേക്ക് ഒന്ന് തിരിഞ്ഞുേനാക്കൂ. അന്നും ഇതേ വ്യക്തികളുടെ വീടുകളിൽ റെയ്ഡ് നടന്നിട്ടുണ്ട് -നിർമല കൂട്ടിച്ചേർത്തു. യു.പി.എ സർക്കാർ അധികാരത്തിലിരുന്ന 2013ൽ അനുരാഗ് കശ്യപിന്‍റെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു അന്നും പരിശോധന. ഇത് ഉയർത്തിക്കാട്ടിയായിരുന്നു നിർമലയുടെ പരാമർശം.
ബുധനാഴ്ചയാണ് നികുതിവെട്ടിച്ചുവെന്ന ആരോപണത്തെ തുടർന്ന് തപ്സിയുടെയും അനുരാഗ് കശ്യപിന്‍റെയും വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. പുണെയിലും മുംബൈയിലുമായി 20ഓളം ഇടങ്ങളിലായിരുന്നു റെയ്ഡ്. ദേശീയ വിഷയങ്ങളിൽ നിരന്തരം അഭിപ്രായം പറയുന്ന ഇരുവരുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെതിരെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.