ഗൂഡല്ലൂർ: മലയോര ഗോത്ര വിഭാഗങ്ങൾക്കായുള്ള പ്രധാനമന്ത്രിയുടെ മലയോരവർഗ ക്ഷേമ പദ്ധതിക്ക് കീഴിൽ ഒരു ലക്ഷം ഗുണഭോക്താക്കൾക്കുള്ള സൗജന്യ ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ആദ്യ ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചടങ്ങുകൾ.
നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിനടുത്തുള്ള മൺവയൽ ഗ്രാമത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രി ഡോ. എൽ. മുരുകൻ പങ്കെടുത്തു. ഈ പരിപാടിയിൽ കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികളിൽ നിന്ന് പ്രയോജനം നേടിയ ആദിവാസികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
50 ഗുണഭോക്താക്കൾക്ക് 46 ലക്ഷം രൂപയുടെ കാർഷിക വായ്പ, കുടിവെള്ള കണക്ഷൻ, വൈദ്യുതി കണക്ഷൻ, ജാതി സർട്ടിഫിക്കറ്റ്, ആയുഷ്മാൻ ഭാരത് കാർഡ് എന്നിവ കേന്ദ്രമന്ത്രി വിതരണം ചെയ്തു. ആറ് ആദിവാസി സംഘങ്ങൾക്ക് അവരുടെ ഉൽപന്നങ്ങൾക്കുള്ള പ്രൊഡക്ഷൻ ഫണ്ടും ഈ സാഹചര്യത്തിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ രജിസ്ട്രേഷനും ക്ഷയരോഗം, സിക്കിൾ സെൽ അനീമിയ എന്നിവയ്ക്കുള്ള പരിശോധനയും ആരോഗ്യവകുപ്പ് നടത്തി.
നീലഗിരി ജില്ലയിൽ നിന്നുള്ള ആദിവാസി ഉൽപന്നങ്ങൾക്കായി ട്രൈബൽ അഫയേഴ്സ് വകുപ്പ് വിൽപനശാല സ്ഥാപിച്ചു. കൂടാതെ, കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് കീഴിൽ, മൊബൈൽ വിൽപന കേന്ദ്രങ്ങൾ വഴി മിതമായ നിരക്കിൽ പയറുവർഗങ്ങൾ, അരി, ഗോതമ്പ് എന്നിവ വിൽപന നടത്തി. ഡി.ആർ.ഒ. കീർത്തി പ്രിയദർശിനി, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബാലുച്ചാമി, ശ്രീമധുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ സുനിൽ, ബി.ജെ.പി നേതാക്കളായ മോഹൻരാജ്, ചെറുവള്ളി ചന്ദ്രൻ, നളിനി ചന്ദ്രശേഖർ, അഡ്വ. പരശുരാമൻ സുധാകരൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.