ഇന്ത്യയിലേക്ക് അയക്കാനായി നമീബിയയിലെ ഒജിവരോംഗയിലെ സംരക്ഷണ കേന്ദ്രത്തിൽ കൂട്ടിലാക്കി വെച്ചിരിക്കുന്ന ചീറ്റപ്പുലികളിലൊന്ന്

പുതു പച്ചപ്പിലേക്ക് ഇന്ന് പറന്നെത്തും ആ എട്ടു ചീറ്റകൾ

ന്യൂഡൽഹി: വംശനാശം സംഭവിച്ച് ഏഴു പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ മണ്ണിൽ വീണ്ടും ചീറ്റകളെത്തുന്നു. പ്രത്യേക സജ്ജീകരണങ്ങളുള്ള ബോയിങ് വിമാനത്തിൽ രാജകീയമായാണ് അവർ വരുന്നത്. ആഫ്രിക്കൻ രാജ്യമായ നമീബിയൻ തലസ്ഥാനമായ വിൻഡ്ഹോകിൽനിന്ന് എട്ട് ചീറ്റകളുമായി വിമാനം ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ മധ്യപ്രദേശിലെ ഗ്വാളിയർ വിമാനത്താവളത്തിലിറങ്ങും.

ഇവിടെനിന്ന് വ്യോമസേനയുടെ ചിനൂക് ഹെലികോപ്ടറിൽ ഷിയോപുർ ജില്ലയിലെ കുനോ ദേശീയോദ്യാനത്തിലെ ഹെലിപ്പാഡിലെത്തിക്കും.

രാവിലെ 10.45ന് കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ തുറന്നു വിടും. ഇന്ന് (ശനിയാഴ്ച) പ്രധാനമന്ത്രിയുടെ 72ാം ജന്മദിനമാണ്. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളെയുമാണ് നമീബിയയിൽനിന്ന് എത്തിക്കുന്നത്. ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി 1952ലാണ് സർക്കാർ പ്രഖ്യാപിച്ചത്.

തെക്കൻ ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവരുന്നതിന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി) 50 കോടി രൂപയാണ് നൽകുന്നത്. ഐ.ഒ.സിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടിൽനിന്നാണ് (സി.എസ്.ആർ) തുക വിനിയോഗിക്കുന്നത്.

പദ്ധതിപ്രകാരം തെക്കൻ ആഫ്രിക്കയിൽനിന്ന് 20 ചീറ്റകളെ കുനോ ദേശീയോദ്യാനത്തിൽ എത്തിക്കും. വിമാനയാത്രക്കിടെ ചീറ്റകൾക്ക് ഭക്ഷണം നൽകില്ല. കുനോ ദേശീയോദ്യാനത്തിൽ എത്തിയാൽ മാത്രമേ ഭക്ഷണം നൽകുകയുള്ളൂ. 1947ൽ രാജ്യത്ത് അവസാനമുണ്ടായിരുന്ന മൂന്ന് ആൺ ചീറ്റകളെ മധ്യപ്രദേശിലെ മഹാരാജ രാമാനുജ് പ്രതാപ് സിങ് ദിയോ ആണ് വേട്ടയാടി കൊന്നത്.

Tags:    
News Summary - Prime Minister Narendra Modi will release the cheetahs brought from Namibia in the morning at Kuno National Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.