കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തെത്തി അവിടെ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. തിരുവനന്തപുരത്ത് നിന്നും വ്യോമസേനാ വിമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങുന്നത്.
ധ്യാനത്തിന് ശേഷം തിരുവള്ളുവരുടെ പ്രതിമയിൽ പ്രധാനമന്ത്രി ആദരമർപ്പിച്ചു. ധ്യാനത്തിന്‍റെ ദൃശ്യങ്ങൾ പകർത്താൻ ഫോട്ടോഗ്രാഫർമാരും, വിഡിയോ ഗ്രാഫർമാരും അടങ്ങുന്ന സംഘം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഇന്നും മാധ്യമങ്ങൾക്കുള്ള കർശന വിലക്ക് തുടർന്നു.
അവസാനഘട്ട വോട്ടെടുപ്പിന് മുമ്പ് മോദി നടത്തുന്ന ധ്യാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. തന്തൈ പെരിയാർ ദ്രാവിഡർ കഴകം ഉൾപ്പെടെയുള്ള സംഘടനകൾ മധുരയിൽ കരിങ്കൊടി പ്രകടനം നടത്തി. സാമൂഹിക മാധ്യമമായ എക്സിൽ ‘ഗോബാക്ക്മോദി’ പോസ്റ്റുകൾ നിറഞ്ഞു. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കന്യാകുമാരിയിൽ ഒരുക്കിയത്.
അതേസമയം, മോദിയുടെ ധ്യാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ ഉൾപ്പെടില്ലെന്ന് കന്യാകുമാരി ജില്ല കലക്ടറും ജില്ല റിട്ടേണിങ് ഓഫിസറുമായ ശ്രീധർ വ്യക്തമാക്കിയിരുന്നു. പ്രചാരണം നടത്തുകയോ യോഗം വിളിച്ചുകൂട്ടുകയോ ചെയ്താൽ മാത്രമേ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പ്രകാരം നടപടി സ്വീകരിക്കാൻ കഴിയുകയുള്ളു. പ്രധാനമന്ത്രിയുടെ കന്യാകുമാരി സന്ദർശനവും ധ്യാനവും സ്വകാര്യ പരിപാടിയായതിനാൽ പ്രത്യേകിച്ച് അനുമതി തേടേണ്ടതില്ലെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.