അഹ്മദാബാദ്: പൊതുതാൽപര്യമില്ലാത്ത വെറും പിള്ളേരുകളിയായി വിവരാവകാശ നിയമത്തെ ഉപയോഗിക്കാനാവില്ലെന്ന് ഗുജറാത്ത് സർവകലാശാല ഗുജറാത്ത് ഹൈകോടതിയിൽ വ്യക്തമാക്കി. കേന്ദ്ര വിവരാവകാശ കമീഷന്റെ ഏഴുവർഷം പഴക്കമുള്ള ഉത്തരവ് പാലിക്കാത്തതിന് വിവരാവകാശ നിയമപ്രകാരമുള്ള ഇളവുകൾ ഉദ്ധരിച്ച് ഗുജറാത്ത് സർവകലാശാലക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, എതിരാളികൾക്കെതിരെ പകപോക്കാനും 2005ലെ വിവരാവകാശ നിയമം ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് നല്‍കിയ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൈമാറണമെന്ന ദേശീയ വിവരാവകാശ കമീഷന്‍ ഉത്തരവിനെ ചോദ്യംചെയ്ത് ഗുജറാത്ത് സർവകലാശാല സമർപ്പിച്ച ഹരജിയിൽ വാദംകേൾക്കവെയാണ് സോളിസിറ്റർ ജനറൽ ഇക്കാര്യം പറഞ്ഞത്. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ജസ്റ്റിസ് ബിരേൻ വൈഷ്ണവ് വിധിപറയുന്നത് മാറ്റിവെച്ചു.
ഒരാൾ പൊതുചുമതല വഹിക്കുന്നതുകൊണ്ടു മാത്രം തന്റെ പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ വിവരങ്ങൾ തേടാനാകില്ലെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു. പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ മുമ്പുതന്നെ പൊതുജനസമക്ഷം ഉണ്ടെന്നും സർവകലാശാല വിശദാംശങ്ങൾ നേരത്തേ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ഈ വിവരങ്ങൾ പൊതു ഇടത്തിൽ ലഭ്യമല്ലെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ പെർസി കവീന വാദിച്ചു.
മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെയും വസതികളിൽ എഫ്.ബി.ഐ നടത്തിയ പരിശോധനകൾ പരാമർശിച്ച പെർസി കവീന ആരും നിയമത്തിന് അതീതരല്ലെന്നും ചൂണ്ടിക്കാട്ടി.
2016 ഏപ്രിലിൽ അന്നത്തെ വിവരാവകാശ കമീഷണറായ എം. ശ്രീധർ ആചാര്യലുവാണ് ആം ആദ്മി പാർട്ടി അധ്യക്ഷൻ കൂടിയായ കെജ്രിവാളിന് മോദിയുടെ ബിരുദ വിവരങ്ങൾ നൽകാൻ ഡൽഹി സർവകലാശാലക്കും ഗുജറാത്ത് സർവകലാശാലക്കും നിർദേശം നൽകിയത്. എന്നാൽ മൂന്ന് മാസത്തിന് ശേഷം ഗുജറാത്ത് സർവകലാശാല വിവരങ്ങൾ നൽകണമെന്ന വിവരാവകാശ കമീഷൻ ഉത്തരവ് ഗുജറാത്ത് ഹൈകോടതി സ്റ്റേ ചെയ്തു. തന്നെക്കുറിച്ചുള്ള സർക്കാർ രേഖകൾ പരസ്യമാക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കാൻ കമീഷൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നും കെജ്‌രിവാൾ ആചാര്യലുവിന് കത്തെഴുതി ഒരു ദിവസത്തിന് ശേഷമാണ് സ്റ്റേ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.