ഹിന്ദുത്വ തീവ്രവാദികൾ തുടർച്ചയായി പരിപാടികൾ തടസെപ്പടുത്തുന്നതിനാൽ ഇനി ചിരിപ്പിക്കാനില്ല എന്ന് പറഞ്ഞ മുനവ്വർ ഫാറൂഖിക്ക് പിന്തുണയുമായി മുൻ രാജ്യസഭാംഗം പ്രതീഷ് നന്ദി.
ഫാറൂഖിയുടെ പരിപാടികൾ ഹിന്ദുത്വ സംഘടനകൾ തുടർച്ചയായി തടസ്സപ്പെടുത്തുന്ന സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കണമെന്ന് എഴുത്തുകാരനും സംവിധായകനും മുൻ രാജ്യസഭാംഗവുമായ പ്രിതിഷ് നന്ദി ആവശ്യപ്പെട്ടു. മുനവർ ദൈവങ്ങളെ അവഹേളിച്ചുവെന്ന ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് അദ്ദേഹത്തെ ശിക്ഷിക്കുകയോ ജോലി ചെയ്യാൻ അനുവദിക്കുകയോ ചെയ്യണമെന്ന് ടൈംസ് ഓഫ് ഇന്ത്യ, ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി, ദി ഇൻഡിപെൻഡന്‍റ് തുടങ്ങിയ മാധ്യമങ്ങളുടെ പത്രാധിപരും പബ്ലിഷറുമായിരുന്ന പ്രിതീഷ് നന്ദി ട്വീറ്റ് ചെയ്തു.
'കൊമേഡിയൻ മുനവർ ഫാറൂഖിയുടെ പരിപാടികൾ എല്ലായിടത്തും വലതുപക്ഷ സംഘടനകൾ തടസ്സപ്പെടുത്തുകയാണ്. ദൈവങ്ങളെയും ദേവതകളെയും അവഹേളിച്ചു എന്നാണ് ആരോപണം. തുടർച്ചയായി തടസ്സപ്പെടുത്തിയതിനെ തുടർന്ന് അദ്ദേഹം രാജിയായിരിക്കുന്നു. ഇക്കാര്യം കോടതി സ്വമേധയാ പരിഗണനക്കെടുക്കണം. വസ്തുതകൾ പരിശോധിക്കുകയും അദ്ദേഹത്തെ ശിക്ഷിക്കുകയോ ജോലി ചെയ്യാൻ അനുവദിക്കുകയോ വേണം -പ്രിതിഷ് നന്ദി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ബംഗളുരുവിൽ നിശ്ചയിച്ച പരിപാടി പൊലീസ് ഇടപെടലിനെ തുടർന്ന് ഉപേക്ഷിച്ചതോടെ സ്റ്റാൻഡ് അപ് കൊമേഡിയനായുള്ള കരിയർ താൻ ഉപേക്ഷിക്കുകയാണെന്ന് മുനവർ ഫാറൂഖി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തിനിടെ 12 ഷോകളാണ് ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകളുടെ ഭീഷണിയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ഇൻഡോറിലെ ഒരു പരിപാടിയുടെ റിഹേഴ്‌സലിനിടെ ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി എന്ന പേരിൽ മുനവറിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുക്കുകയും ഒരു മാസം ജയിലിലടക്കുകയും ചെയ്തിരുന്നു. തെളിവ് ഹാജരാക്കാൻ പരാതിക്കാർക്ക് കഴിയാതിരുന്നതോടെ ഇദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 'വിദ്വേഷം ജയിച്ചു, ജനാധിപത്യം തോറ്റു' എന്ന തലക്കെട്ടോടെയാണ് താൻ കരിയർ അവസാനിപ്പിക്കുന്ന വിവരം ഗുജറാത്തിലെ ജുനഗഡ് സ്വദേശിയായ മുനവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. '600ലേറെ ടിക്കറ്റുകൾ വിറ്റതാണ്.
ഞാൻ പറയാത്ത തമാശയുടെ പേരിൽ നേരത്തെ എന്നെ ജയിലിലടച്ചു. വിവാദപരമായ ഒരു ഉള്ളടക്കവുമില്ലാത്ത എന്‍റെ പരിപാടി റദ്ദാക്കുന്നു. ഇത് അന്യായമാണ്. പല മതങ്ങളിൽപ്പെട്ടവരുടെ സ്‌നേഹം നേടിയ പരിപാടിയാണിത്. സെൻസർ സർട്ടിഫിക്കറ്റുണ്ട്. രണ്ട് മാസത്തിനിടെ 12 പരിപാടികൾ ഭീഷണി കാരണം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാൻ കരുതുന്നു. എൻെൻറ പേര് മുനവർ ഫാറൂഖി എന്നാണ്.
നിങ്ങൾ മികച്ച പ്രേക്ഷകരായിരുന്നു. വിട.. എല്ലാം അവസാനിപ്പിക്കുന്നു'- മുനവർ എഴുതി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എഴുത്തുകാരി തവ്‌ലിൻ സിങ്, കൊമേഡിയൻ വരുൺ ഗ്രോവർ, മാധ്യമപ്രവർത്തകരായ മായ ശർമ, അസ്മിത ബക്ഷി, പ്രജ്വാൾ തുടങ്ങിയ നിരവധി പേർ മുനവറിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. മുനവറിന്‍റെ പരിപാടികളുടെ ആരാധകരും കരിയർ വിടരുതെന്ന് സമൂഹ മാധ്യമങ്ങൾ വഴി അഭ്യർഥിക്കുന്നുണ്ട്. അതേസമയം, പ്രിതീഷ് നന്ദിയുടെ മുനവർ അനുകൂല ട്വീറ്റിന് അടിയിലും ഹിന്ദുത്വ തീവ്രവാദികൾ മുനവറിനെ കുറിച്ച് വിേദ്വഷം വമിക്കുന്ന കമന്‍റുകളുമായി പ്രത്യക്ഷപ്പെടുന്നുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.