ഇലക്ടറൽ ബോണ്ട് കേസിൽ നിർമല സീതാരാമൻ രാജിവെക്കണം -പ്രിയങ്ക് ഖാർഗെ

ബംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ ബംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് അവർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. റദ്ദാക്കിയ ഇലക്‌ട്രോൽ ബോണ്ടുകൾ വഴി പണം തട്ടിയതിന് കോടതി നിർദേശത്തെത്തുടർന്നാണ് ഇവർക്കെതിരെ കേസ് എടുത്തത്.

ഇലക്ടറൽ ബോണ്ട് സ്കീം വഴി വലിയ നഷ്ടം വരുത്തിയ കമ്പനികൾ ബി.ജെ.പിക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും നിർമല ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് നിർദേശിക്കാൻ കോടതിക്ക് സാധുവായ കാരണങ്ങളുണ്ടെന്നും  ജനാധികാര സംഘർഷ് പരിഷത്ത് നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. നിങ്ങൾക്ക് ധാർമികതയുണ്ടെങ്കിൽ മുൻ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ മകൻ ബി.വൈ വിജയേന്ദ്രയെയും പുറത്താക്കൂ. നിർമല സീതാരാമനെയും കർണാടക പ്രതിപക്ഷ നേതാവ് ആർ.അശോകനെയും ബി.ജെ.പി എം.എൽ.എ മുനിരത്നയെയും പുറത്താക്കൂ -ഖാർഗെ പത്രസമ്മേളനത്തിൽ പറഞ്ഞു.

സി.ബി.ഐ, ഇ.ഡി, ഗവർണറുടെ ഓഫിസ് എന്നിവയെ കാണിച്ച് ഭയപ്പെടുത്താൻ നോക്കെണ്ടന്നും തങ്ങൾ ഭയപ്പെടുകയില്ലെന്നും ഖാർഗെ പറഞ്ഞു. ‘140 വർഷത്തെ സമര ചരിത്രമാണ് ഞങ്ങൾക്കുള്ളത്. ഇനിയും 140 വർഷം കൂടി പോരാട്ടം തുടരും. നിങ്ങളുടെ നയങ്ങൾക്കും തത്വങ്ങൾക്കും എതിരെ പോരാടിയാണ് ഞങ്ങൾ വളർന്നത്. ഞങ്ങളുടെ നേർക്ക് വരുന്നതിനുമുമ്പ് ആദ്യം നിങ്ങളുടെ കാര്യങ്ങൾ ക്രമീകരിക്കുക’ എന്നും ഖാർഗെ പറഞ്ഞു.

ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു. ലക്ഷം കോടി രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന 33 കമ്പനികൾ ബി.ജെ.പിക്ക് 576.2 കോടി രൂപ സംഭാവന നൽകിയതായി ഖാർഗെ പറഞ്ഞു. കൂടാതെ, അറ്റാദായം പെരുപ്പിച്ച് കാണിച്ച ആറ് കമ്പനികൾ 646 കോടി രൂപ പാർട്ടിക്ക് സംഭാവന ചെയ്തിട്ടുണ്ടെന്നും ഇത് അവരുടെ മൊത്തം അറ്റാദായത്തേക്കാൾ കൂടുതലാണെന്നും ഖാർ​ഗെ പറഞ്ഞു. പ്രത്യക്ഷ നികുതി വെട്ടിപ്പു നടത്തിയ മൂന്ന് കമ്പനികൾ ബി.ജെ.പിക്ക് 193.8 കോടി രൂപ സംഭാവന നൽകിയതായി അദ്ദേഹം അവകാശപ്പെട്ടു. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും കള്ളപ്പണം വെളുപ്പിക്കുന്നതിലാണെന്നും അവരെ ആദ്യം ജയിലിലടക്കണമെന്നുമുള്ള ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ ഖാർഗെ പരിഹസിച്ചു. കഴിഞ്ഞ 11 വർഷമായി നിങ്ങൾ അധികാരത്തിലാണ്. ഇത്രയും വർഷം നിങ്ങൾ എന്താണ് ചെയ്തതെന്നും മന്ത്രി ചോദിച്ചു.

കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ഇ.ഡി ഉദ്യോഗസ്ഥർ, ഭാരവാഹികൾ എന്നിവർക്കെതിരെ പ്രത്യേക കോടതിയുടെ ഉത്തരവി​ന്‍റെ അടിസ്ഥാനത്തിൽ കവർച്ച, ക്രിമിനൽ ഗൂഢാലോചന എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര, പാർട്ടി നേതാവ് നളിൻ കുമാർ കട്ടീൽ എന്നിവരെയും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Priyank Kharge demands FM Nirmala Sitharaman’s resignation in Electoral Bonds case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.