കൊട്ടാരത്തിൽ കഴിയുന്ന മോദിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകില്ല -വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. കൊട്ടാരത്തിൽ താമസിക്കുന്ന പ്രധാനമന്ത്രിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഗുജറാത്തിലെ ലഖാനിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.  രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ഷെഹ്സാദ(യുവരാജാവ്) എന്ന് നിരന്തരം പരിഹസിക്കുന്നതിന് മറുപടി നൽകുകയായിരുന്നു പ്രിയങ്ക.

എന്റെ സഹോദരനെ പ്രധാനമന്ത്രി യുവരാജാവെന്നാണ് വിളിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ കന്യാകുമാരി മുതൽ കശ്മീർ വരെ 4000 കിലോമീറ്റർ ഈ യുവരാജാവ് നടന്നുവെന്ന് ​അദ്ദേഹത്തോട് പറയാൻ താൻ ആഗ്രഹിക്കുന്നു. കർഷകരെയും തൊഴിലാളികളെയും കണ്ട് അവരുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി.  മറുവശത്തുള്ള നിങ്ങളുടെ ഷഹൻഷാ(ചക്രവർത്തി) ​കൊട്ടാരത്തിലാണ് താമസിക്കുന്നത്. നിങ്ങളെ അദ്ദേഹത്തെ ടി.വിയിൽ കണ്ടിട്ടുണ്ടോ​? വൃത്തിയുള്ള മുഖമാണ് അദ്ദേഹത്തിന്. അദ്ദേഹം ധരിക്കുന്ന വെളുത്ത കുർത്തകളിൽ ഒരു കറപോലുമില്ലാതെ കളങ്കരഹിതമാണ്. മുടി മികച്ചതാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിയാൽ അദ്ദേഹത്തിന് എങ്ങനെ മനസിലാക്കാൻ സാധിക്കും​​​? കാർഷിക വിളികളുടെ വില എങ്ങനെ അറിയാനാണ്? എല്ലാ സാധനങ്ങൾക്കും ജി.എസ്.ടി ചുമത്തി. എല്ലാറ്റിനും ഇന്ന് വില കൂടി. അതൊ​ന്നും മോദിക്ക് മനസിലാകില്ല. കാരണം അദ്ദേഹം അധികാരത്താൽ ചുറ്റപ്പെട്ട തന്റെ കൊട്ടാരത്തിലിരിക്കുകയാണ്. എല്ലാവർക്കും മോദിജിയെ ഭയമാണ്. ആരും ഒരു പരാതിയും പറയാറില്ല. ആരെങ്കിലും ശബ്ദമുയർത്തിയാൽ അവരെ നിശ്ശബ്‍ദരാക്കാൻ ശ്രമം നടത്തുമെന്നും പ്രിയങ്ക പറഞ്ഞു.

ഭരണഘടന തിരുത്താനും ജനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറക്കാനും ദുർബലപ്പെടുത്താനും ബി.ജെ.പി ആഗ്രഹിക്കുന്നു. കഴിഞ്ഞ 10 വർഷമായി മോദി ചെയ്ത ഏറ്റവും വലിയ കാര്യം പൊതുജനങ്ങളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തി എന്നതാണെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Tags:    
News Summary - Priyanka Gandhi gives it back to PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.