ന്യൂഡൽഹി: കോവിഡ്19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കുടുങ്ങിയ തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭക്ഷണം പോലുമില്ലാതെ കൊടുംചൂടിൽ കാൽനടയായി വീടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെ സഹായിക്കണമെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ അഭ്യർഥിച്ചു.
ഡൽഹിയിലെ അതിർത്തികളിൽ നിന്ന് ദുരിത വാർത്തയാണ് പുറത്തുവരുന്നത്. ആയിരക്കണക്കിന് ആളുകൾ അവരുടെ വീടുകളിലേക്ക് കാൽനടയായി യാത്ര തുടങ്ങിയിരിക്കുന്നു. അവർക്ക് ഭക്ഷണമോ മറ്റു തരത്തിലുള്ള സഹായമോ ലഭിക്കുന്നില്ല. കൊറോണ വൈറസിൻെറ ഭീകരത, തൊഴിലില്ലായ്മ, പട്ടിണി എന്നിവയാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് നടക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. അവരെ സഹായിക്കാൻ സർക്കാറിനോട് അഭ്യർഥിക്കുകയാണെന്നും പ്രിയങ്ക ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെ പറഞ്ഞു.
‘‘ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലേക്കും ബീഹാറിലേക്കും നടന്നുപോകുന്ന ആയിരക്കണക്കിന് തൊഴിലാളികളെ കാണുമ്പോൾ സങ്കടം തോന്നുന്നു. അവർ ഇന്ത്യൻ പൗരന്മാരാണ്, ഹിന്ദുസ്ഥാനികളാണ്, തൊഴിലാളികളാണ്. അവരെ സഹായിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമല്ലേ? എണ്ണമറ്റ ആളുകൾ വിദേശത്ത് കുടുങ്ങിയപ്പോൾ, അവരെ മടക്കി കൊണ്ടുവരുന്നതിനും കുടുംബത്തോടൊപ്പം താമസിപ്പിക്കുന്നതിനും വിമാനങ്ങൾ അയച്ചു. ഓരോ വ്യക്തിയും പ്രതിസന്ധി ഘട്ടത്തിൽ വീട്ടിൽ തിരിച്ചെത്താനും കുടുംബത്തോടൊപ്പം കഴിയാനും ആഗ്രഹിക്കുന്നുണ്ട്’’- പ്രിയങ്ക വിശദീകരിച്ചു.
ലോക്ക്ഡൗൺ കാരണം ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് നഗരങ്ങളിൽ നിന്നും കാല്‍നടയായി വീടുകളിലേക്ക് മടങ്ങുന്നത്. പാസഞ്ചർ ട്രെയിനുകളും അന്തർസംസ്ഥാന ബസുകളും ഉൾപ്പെടെ എല്ലാ ഗതാഗത സേവനങ്ങളും റദ്ദാക്കിയതോടെയാണ് ഇവർ പെരുവഴിയിലായത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ കാര്യക്ഷമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുകയും ചെയ്തിരുന്നു.
കുടിയേറ്റ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഭക്ഷണവും പാർപ്പിടവും നൽകണമെന്ന് രാഹുൽ ഗാന്ധിയും ട്വിറ്റിലൂടെ കേന്ദ്രസർക്കാറിനോട് അഭ്യർഥിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.