ന്യൂഡൽഹി: കേന്ദ്രസർക്കാർ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പ്രതികരണത്തിനെതിരെ വിമത എം.എൽ.എ അദിതി സിങ്. സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ പ്രിയങ്ക ശ്രമിക്കുകയാണെന്നും അദിതി കുറ്റപ്പെടുത്തി.
'ആദ്യം ബില്ലുകൾ കൊണ്ടുവന്നപ്പോൾ പ്രിയങ്ക ഗാന്ധിക്ക് പ്രശ്നമായിരുന്നു. നിയമങ്ങൾ എടുത്തുമാറ്റിയപ്പോഴും അവർക്ക് പ്രശ്നം. എന്താണ് അവർക്ക് വേണ്ടത്? അവർ അത് വ്യക്തമായി പറയണം. ഇതിനെ രാഷ്ട്രീയവത്കരിക്കാൻ മാത്രമാണ് അവരുടെ ശ്രമം. ഇതിനെ രാഷ്ട്രീയവത്കരിച്ച് അവർ യഥാർഥ പ്രശ്നങ്ങളിൽനിന്ന് പുറത്തുപോകുന്നു' -അദിതി സിങ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് ഉൾപ്പെടെ വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവി മുന്നിൽകണ്ടാണ് നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
ഉത്തർപ്രദേശ് റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് അദിതി സിങ്. അടുത്തിടെ കോൺഗ്രസിനും മുതിർന്ന നേതാക്കൾക്കുമെതിരെ വിമർശനങ്ങളുയർത്തി അദിതി സിങ് രംഗത്തെത്തിയിരുന്നു. അതേസമയം യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാനിനെയും ബി.ജെ.പിയെയും പ്രശംസിച്ചും ഇവർ രംഗത്തെത്തിയിരുന്നു.
'ലഖിംപൂർ ഉൾപ്പെടെയുള്ള വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് പ്രിയങ്ക ഗാന്ധിയുടെ ശ്രമം. പ്രിയങ്ക എല്ലാത്തിനെയും രാഷ്ട്രീയവത്കരിക്കുന്നു. ലഖിംപൂർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടക്കുന്നു. സുപ്രീംകോടതി അതിനെ നിരീക്ഷിക്കുകയും ചെയ്യുന്നു. പ്രിയങ്കക്ക് ഭരണഘടന സ്ഥാപനങ്ങളിൽ വിശ്വാസമില്ലെങ്കിൽ മറ്റാരെയാണ് വിശ്വസിക്കുകയെന്ന കാര്യം തനിക്ക് മനസിലാകുന്നില്ല' -അദിതി സിങ് പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് അഖിലേഷ് സിങ്ങിൻെറ മകളാണ് അദിതി സിങ്. അഖിലേഷ് സിങ്ങിന്‍റെ ഗാന്ധി കുടുംബവുമായുള്ള അടുപ്പമാണ് 2017ൽ അദിതി സിങ്ങിന് റായ് ബറേലിയിൽ സീറ്റ് ലഭിക്കാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.