അമേത്തി: ജനതയോടും രാജ്യത്തോടുമുള്ള ആദരവും സ്നേഹവുമാണ് ദേശീയതയെന്നും ബി.ജെ.പിക്ക് അതില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കടുത്ത അമർഷവും വേദനയും പങ്കിടുന്ന ജനം ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത സേന്ദശം നൽകുമെന്നും പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ അവർ പറഞ്ഞു. ഒറ്റ നേതാവിെൻറ ശബ്ദകോലാഹലങ്ങൾക്കിടയിൽ ജനങ്ങളുടെ ശബ്ദം മുങ്ങിപ്പോവുകയാണ്. ജനം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണലാണ് ദേശീയത. ഏതു സർക്കാറും ഭരണാധികാരിയും കാണിക്കേണ്ട വലിയ ദേശസ്നേഹം ജനം സംസാരിക്കുേമ്പാൾ കേൾക്കാനുള്ള സന്നദ്ധതയാണ്. ജനങ്ങളുടെ ശബ്ദത്തിന് കരുത്തുപകരുന്ന സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനാകണം. അതിനെ ദുർബലപ്പെടുത്തുകയല്ല. ബി.ജെ.പി നടത്തുന്ന ഒന്നിലും യഥാർഥ ദേശീയത കാണാനാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഭീകരവിരുദ്ധ പോരാട്ടവും ബാലാകോട്ട് വ്യോമാക്രമണവും ബി.ജെ.പി വൻ പ്രചാരണ വിഷയമാക്കുന്നതിനിടെയാണ് കോൺഗ്രസും ആരോപണം കൊഴുപ്പിക്കുന്നത്. നാം സ്നേഹിക്കുന്ന ഇന്ത്യയെന്ന ആശയത്തെ സംരക്ഷിക്കാനാണ് കോൺഗ്രസ് പൊരുതുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ആദർശങ്ങൾ തമ്മിലാണ് ഇത്തവണ പോരാട്ടം. ഗാന്ധി കുടുംബത്തെ ഹത്യ നടത്തുന്നത് ബി.ജെ.പി രാഷ്ട്രീയത്തിെൻറ ഭാഗമാണ്. യു.പിയിലെ സ്കൂൾ അധ്യാപികയോ ന്യൂഡൽഹിയിലെ പ്രതിപക്ഷ നേതാവോ ആരുമാകട്ടെ, ബി.ജെ.പിക്കെതിരെ സംസാരിച്ചാൽ അവരോട് പകപോക്കുക എന്നത് അവരുടെ രീതിയാണ്. താൻ ആരെയും ഭയക്കുന്നില്ലെന്നും വാരാണസിയിൽ മത്സരിക്കാതിരുന്നത് പാർട്ടി നിർദേശം മാനിച്ചാണെന്നും അവർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് തലേന്ന് പ്രഖ്യാപിച്ച ബി.ജെ.പിയുടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ശുദ്ധ പ്രഹസനമാണ്. അഞ്ചുവർഷം അധികാരത്തിലിരുന്നിട്ട് കർഷകർക്കായി ഒന്നും ചെയ്യാതെ അവരെ കടക്കെണിയിലേക്ക് തള്ളിവിടുകയായിരുന്നു. 12,000 പേരാണ് കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. ബാങ്ക് അക്കൗണ്ടിൽ 2,000 രൂപ നിക്ഷേപിച്ച് അവരെ വിഡ്ഢികളാക്കാനാണ് മോദിയുടെ ശ്രമമെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക കോൺഗ്രസ് ജനറൽ സെക്രട്ടറിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.