ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ജന്തർ മന്തറിൽ; ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യും വരെ സമരമെന്ന് താരങ്ങൾ

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യു.എഫ്.ഐ) മേധാവിയും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ സമരം തുടരുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാവിലെ ഡൽഹി ജന്തർ മന്തറിലെ സമരവേദിയിലെത്തിയാണ് പ്രിയങ്ക, ഗുസ്തി താരങ്ങളായ സാക്ഷി മലിക്, വിനേഷ് ഫോഗട്ട് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കർണാടകയിൽ പര്യടനത്തിലായിരുന്നു പ്രിയങ്ക.

ഏഴ് വനിത ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി പൊലീസ് ഇന്നലെ പോക്സോ നിയമം ഉൾപ്പെടെ ചുമത്തി രണ്ട് കേസെടുത്തിരുന്നു. ഡൽഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, വെള്ളിയാഴ്ച തന്നെ കേസെടുക്കുമെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, രാജ്യ തലസ്ഥാനത്ത് സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ തുടങ്ങിയ രാജ്യത്തിന്റെ അഭിമാന താരങ്ങളുടെ പോരാട്ടം തുടരുകയാണ്. ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യാതെ സമരം നിർത്തില്ലെന്ന കർശന നിലപാടിലാണ് ഗുസ്തി താരങ്ങൾ. ഡൽഹി പൊലീസ് തങ്ങളുടെ പരാതിയിൽ ചെറുവിരൽ അനക്കിയില്ലെന്ന് താരങ്ങൾ ആരോപിച്ചു.

സിങ്ങും അയാളുടെ അനുയായികളും പല തവണ ലൈംഗികമായും മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയ ഇരകൾ ഒടുവിൽ ചെറുത്തുനിൽക്കാനുള്ള ധൈര്യം സംഭരിച്ച് പ്രതിഷേധവുമായി ഇറങ്ങിയിട്ടും ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഇത് പച്ചയായ മനുഷ്യാവകാശ ലംഘനമാണെന്നും താരങ്ങൾ ചൂണ്ടിക്കാട്ടി.

ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ കേസെടുക്കാത്തതിനെതിരെ വനിത താരങ്ങൾ സമർപ്പിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുടെ ബെഞ്ച് പരാതിക്കാർക്കെതിരായി ഉയർന്ന ഭീഷണി സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്ന് ഡൽഹി പൊലീസ് കമീഷണറോട് നിർദേശിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സുരക്ഷക്കായി സ്വീകരിച്ച നടപടികൾ കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്ന് ബെഞ്ച് അറിയിച്ചു. മേയ് അഞ്ചിന് കേസിൽ വാദം തുടരും.

Tags:    
News Summary - Priyanka Gandhi Vadra meets the wrestlers protesting against Brij Bhushan Sharan Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.