ന്യൂഡൽഹി: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ മടക്കി അയക്കുന്നതിനുള്ള ചെലവ് സംസ്ഥാന സർക്കാറും വഹിക്കണമെന്ന കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവരെ വിമാന മാർഗം സൗജന്യമായി നാട്ടിലെത്തിക്കുന്നവർ രാജ്യത്തെ ദരിദ്രരായ തൊഴിലാളികളെ മടക്കി അയക്കാൻ പണം പിരിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു.
രാജ്യത്തെ പടുത്തുയർത്തിയവരാണ് തൊഴിലാളികൾ. ഇന്നവർ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുന്നു. വിമാന ചെലവ് വഹിച്ച് വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നു, സർക്കാർ ഖജനാവിൽ നിന്നും 100 കോടി ചെലവഴിച്ച് നമസ്തേ ട്രംപ് എന്ന പരിപാടി നടത്തുന്നു, റെയിൽ വേ മന്ത്രാലയം പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് ഫണ്ടിലേക്ക് 151 കോടി നൽകുന്നു. എന്നാൽ ഇങ്ങനൊരു മഹാമാരിക്കിടെ പാവപ്പെട്ട തൊഴിലാളികളെ സൗജന്യമായി സ്വന്തം നാടുകളിലെത്തിക്കാത്തത് എന്തു കൊണ്ടാണ്?- പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഇന്ത്യൻ നാഷനൽ കോൺഗ്രസ് തൊഴിലാളികളുടെ യാത്രാ ചെലവ് പൂർണമായി വഹിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. യാത്രാ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.