ലക്നോ: പ്രിയങ്ക ഗാന്ധിയെ 'പ്രിയങ്ക ട്വിറ്റർ വധേര'യെന്ന് ആക്ഷേപിച്ച് ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സാമൂഹ്യമാധ്യമങ്ങൾ പ്രിയങ്കയെ 'ദേശീയ നേതാവ്' എന്നാണ് വിളിക്കുന്നത്. എന്നാൽ കോൺഗ്രസ് പ്രസിഡന്‍റായിരുന്ന സ്വന്തം സഹോദരനെ പോലും അമേത്തി മണ്ഡലത്തിൽ നിന്ന് വിജയിപ്പിക്കാൻ അവർക്കായിട്ടില്ലെന്നും മൗര്യ പരിഹസിച്ചു.
തന്‍റെ സംസാരത്തിലുടനീളം സംസ്ഥാന രാഷ്ട്രീയത്തിൽ പ്രിയങ്കക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് വരുത്തിതീർക്കാനാണ് മൗര്യ ശ്രമിച്ചത്.
"ഞാൻ അവരെ ഗൗരവമായി കണക്കാക്കുന്നേയില്ല. ഞങ്ങൾ അവർക്കിട്ടിരിക്കുന്ന പേര് 'പ്രിയങ്ക ട്വിറ്റർ വധേര' എന്നാണ്. ദിവസവും രണ്ടോ മൂന്നോ തവണ ട്വീറ്റ് ചെയ്യുന്ന അവരെ സോഷ്യൽ മീഡിയ 'ദേശീയ നേതാവ്' എന്ന് വിശേഷിപ്പിക്കുന്നു. 2019 തെരഞ്ഞെടുപ്പ് കാലത്ത് സഹോദരന്‍റെ പ്രചരണത്തിനുവേണ്ടി ഉത്തർപ്രദേശിൽ എത്തിയതായിരുന്നു അവർ. രാഹുലിനെ വിജയിപ്പിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാമെന്ന് കരുതിയ അവർക്ക് പക്ഷെ അദ്ദേഹത്തെ വിജയിപ്പിക്കാൻ പോലുമായില്ല." മൗര്യ പരിഹസിച്ചു.
'ഉത്തർപ്രദേശിൽ കോൺഗ്രസിന് അടിത്തറ നഷ്ടപ്പെട്ടിരിക്കുന്നു. ഫോട്ടോക്ക് പോസ് ചെയ്യാൻ അവസരം തേടുന്നവരല്ലാതെ യു.പിയിൽ കോൺഗ്രസിന് നേതാക്കളില്ല.'
ഉത്തർപ്രദേശിലേക്ക് തിരിച്ചെത്തിയ അന്തർ സംസ്ഥാന തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകരോട് മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും എന്താണ് സംഭവിക്കുന്നതെന്ന് അവർ കാണുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.
യോഗി ആദിത്യ നാഥും ബി.ജെ.പിയും ഭരിക്കുന്നതുകൊണ്ടാണ് യു.പിയിൽ നടക്കുന്നതെന്തും പ്രശ്നങ്ങളാണെന്ന് കോൺഗ്രസിന് തോന്നുന്നത്. ദൃഷ്ടിദോഷമെന്നാണ് അതിനെ പറയുക. നല്ല ഡോക്ടറെ കാണുകയും കണ്ണട ധരിക്കുകയുമാണ് അതിനുള്ള മരുന്നെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.