ന്യൂഡൽഹി: ഗാന്ധി കുടുംബവുമായി വൈകാരിക ബന്ധമുള്ള ഉത്തർപ്രദേശിലെ അമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേതൃത്വം നൽകും. ഈ പാർലമെന്റ് മണ്ഡലങ്ങളിൽ തിങ്കളാഴ്ച മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ക്യാമ്പ് ചെയ്താകും പ്രിയങ്കയുടെ പ്രചാരണം. റായ്ബറേലിയിൽ സഹോദരൻ രാഹുൽ ഗാന്ധിയും അമേത്തിയിൽ കുടുംബത്തിന്റെ അടുത്ത അനുയായി കിഷോരി ലാൽ ശർമയുമാണ് സ്ഥാനാർഥികൾ. വിജയം ഉറപ്പാക്കാൻ പ്രിയങ്ക ശക്തമായ പ്രചാരണം നടത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. റായ്ബറേലിയിൽ വൻ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്താനും അമേത്തി തിരിച്ചുപിടിക്കാനുമാണ് കോൺഗ്രസ് ശ്രമം. നൂറുകണക്കിന് ‘നുകദ് സഭകൾ’ (തെരുവ് യോഗങ്ങൾ) സമ്മേളനങ്ങൾ, വീടുതോറുമുള്ള പ്രചാരണ പരിപാടികൾ എന്നിവ പ്രിയങ്ക ഗാന്ധി നടത്തും.
റായ്ബറേലിയിൽ ഗെസ്റ്റ് ഹൗസിലാകും താമസം. ബൂത്ത് മുതലുള്ള കാര്യങ്ങൾ പ്രിയങ്ക കൈകാര്യം ചെയ്യും. ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്രചാരണങ്ങളും നിരീക്ഷിക്കും. സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളുമായും ഗാന്ധി കുടുംബവുമായി പതിറ്റാണ്ടുകളായി കുടുംബബന്ധം പുലർത്തുന്നവരുമായും പ്രിയങ്ക ആശയവിനിമയം തുടങ്ങിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
രണ്ട് മണ്ഡലങ്ങളിലെയും പ്രചാരണം മുഴുവൻ വോട്ടർമാരിലേക്കുമെത്തിക്കാൻ കോൺഗ്രസ് ശ്രമിക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തുടങ്ങിയ ഉന്നത നേതാക്കളുടെ പ്രചാരണ പരിപാടികളുടെ ആസൂത്രണവും സമയക്രമം നടപ്പാക്കലും പ്രിയങ്ക നിർവഹിക്കും. 300ഓളം ഗ്രാമങ്ങളിൽ പ്രചാരണവുമായി പ്രിയങ്കയെത്തും. റായ്ബറേലിയിലും അമേത്തിയിലും തുല്യ സമയം നൽകി പ്രചാരണം നടത്തും. റായ്ബറേലിയിൽ രാഹുലിന്റെ മുത്തച്ഛൻ ഫിറോസ് ഗാന്ധിയായിരുന്നു ആദ്യകാലങ്ങളിൽ ജയിച്ചത്. പിന്നീട് ഇന്ദിര ഗാന്ധി ഈ മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്വാധീനം വർധിപ്പിച്ചു. 2019ൽ അമേത്തിയിൽ 55,000ത്തിലധികം വോട്ടുകൾക്കാണ് സ്മൃതി ഇറാനി രാഹുലിനെ പരാജയപ്പെടുത്തിയത്. റായ്ബറേലിയിൽ സോണിയ ഗാന്ധിക്കായിരുന്നു ജയം. 1,67,000 വോട്ടുകൾക്ക് ബി.ജെ.പിയുടെ ദിനേഷ് പ്രതാപ് സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്. മേയ് 20നാണ് അമേത്തിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.