ന്യൂഡൽഹി: നെഹ്റു കുടുംബാംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ എസ്.പി.ജി സുരക്ഷ പിൻവലിച്ചതിനു പിന്നാലെ സംഭവിച്ച സുരക്ഷാവീഴ്ചയിൽ അസാധാരണമായ ആകസ്മികത. സഹോദരൻ രാഹുൽ ഗാന്ധി പ്രിയങ്കയുടെ വസതിയിലേക്ക് വരേണ്ട സമയത്ത്, അതേ മോഡൽ കാറിൽ ഗേറ്റു കടന്നുപോയത് അപരിചിതരാണെന്ന് പുതിയ സുരക്ഷാവിഭാഗം തിരിച്ചറിഞ്ഞില്ല.
രാഹുൽ തന്നെയാണ് കാറിൽ എന്ന് ഉറപ്പിച്ച് പരിശോധന നടത്താതെ അവർ മാറിനിന്നു. ബംഗ്ലാവിെൻറ പോർച്ചിൽ കാർ നിർത്തിയവർ, പുൽത്തകിടിയിൽ നിൽക്കുകയായിരുന്ന പ്രിയങ്കയുടെ അടുത്തു ചെന്ന് ഫോട്ടോയെടുത്തു. അപരിചിതത്വം വിഷയമാക്കാതെ അവരെ സൗഹൃദപൂർവം സ്വീകരിച്ച് തിരിച്ചയച്ചശേഷം പ്രിയങ്ക തന്നെയാണ് സുരക്ഷാപ്പിഴവ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയത്.
അസാധാരണമായ ആകസ്മികത ഈ സംഭവത്തിനു പിന്നിലുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻറിനോട് വിശദീകരിച്ചു. രാഹുൽ ഗാന്ധി എത്തേണ്ട സമയത്ത്, അതേപോലൊരു കാർ വന്നപ്പോൾ സുരക്ഷാവിഭാഗത്തിനുണ്ടായ ആശയക്കുഴപ്പാണ് സുരക്ഷാപ്പിഴവിനു കാരണം. ഇത്തരത്തിൽ സംഭവിക്കാനുള്ള സാധ്യത 0.001 ശതമാനം മാത്രമാണ്. വീഴ്ചയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാവൽനിന്നവരിൽ മൂന്നു പേരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട് -അമിത് ഷാ പറഞ്ഞു.
ലോധി എസ്റ്റേറ്റിലാണ് പ്രിയങ്കയും ഭർത്താവ് റോബർട്ട് വാദ്രയും താമസിക്കുന്നത്. നവംബർ 25നാണ് സുരക്ഷാപ്പിഴവ് ഉണ്ടായത്. വാദ്ര, രാഹുൽ എന്നിവരുടെ വാഹനങ്ങൾ പരിശോധിക്കാതെ അകത്തേക്കു കടത്തി വിടുകയാണ് പതിവ്. അങ്ങനെ ഇരുവരും സുരക്ഷാവിഭാഗത്തോട് പറഞ്ഞിട്ടുണ്ടത്രെ. അന്നു വൈകീട്ട് രാഹുൽ എത്തുമെന്ന അറിയിപ്പ് വന്നിരുന്നു. ടാറ്റ സഫാരി കാറിലാണ് രാഹുലിെൻറ സഞ്ചാരം. അതേസമയത്താണ് ടാറ്റ സഫാരിയിൽ മീറത്തിൽനിന്നുള്ള ചന്ദ്രശേഖർ ത്യാഗി കുടുംബസമേതം എത്തിയത്.
അവരെ ഗേറ്റിൽ ആരും തടഞ്ഞില്ല. ത്യാഗിയും കുടുംബാംഗങ്ങളും അകത്തുകയറി പോർച്ചിൽ വണ്ടി നിർത്തി പ്രിയങ്കയുടെ അടുത്തേക്കു ചെന്നു. കോൺഗ്രസുകാരനാണ് താനെന്ന് പരിചയപ്പെടുത്തി. സുരക്ഷ പിൻവലിച്ചതിലുള്ള പ്രതിഷേധം അറിയിക്കാൻ കൂടിയാണ് വന്നതെന്ന് പ്രിയങ്കയോടു പറഞ്ഞതായി ത്യാഗി വിശദീകരിക്കുന്നുണ്ട്. സി.ആർ.പി.എഫ് നൽകുന്ന ഇസെഡ് പ്ലസ് സുരക്ഷയാണ് ഇപ്പോൾ പ്രിയങ്ക, രാഹുൽ, സോണിയ എന്നിവർക്കുള്ളത്. എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്കും അഞ്ചു വർഷം വരെ മുൻ പ്രധാനമന്ത്രിമാർക്കും മാത്രമായി ചുരുക്കുന്ന നിയമഭേദഗതി ബിൽ ലോക്സഭക്കു പിന്നാലെ രാജ്യസഭയും പാസാക്കിയത് ചൊവ്വാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.