ടൊറന്‍റോ: കാനഡയിലെ ടൊറന്‍റോയിൽ വീണ്ടും ഖലിസ്താൻവാദികളുടെ പ്രതിഷേധം. ഇന്ത്യൻ കോൺസുലേറ്റിന് മുമ്പിലാണ് പ്രതിഷേധവുമായി ഖലിസ്താൻ വാദികൾ സംഘടിച്ചത്. ശനിയാഴ്ചയാണ് പ്രതിഷേധം അരങ്ങേറിയത്.
അതേസമയം, ഖലിസ്താൻ വാദികൾക്കെതിരെ പരസ്യ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹവും രംഗത്തെത്തി. ഇന്ത്യൻ സമൂഹം ഖലിസ്താൻവാദികൾക്ക് നേരെ മുദ്രാവാക്യം വിളിച്ചു. ഇന്ത്യയുടെ ദേശീയപതാക ഉയർത്തി പിടിച്ചായിരുന്നു പ്രതിഷേധം.
അതേസമയം, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിലും ഖലിസ്താൻവാദികൾ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യൻ ഹൈക്കമീഷണർക്കും കോൺസുൽ ജനറലിനും എതിരെ നാൽപതോളം വരുന്ന ഖലിസ്താൻ അനുകൂലികൾ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം മുന്നിൽകണ്ട് ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ യു.കെ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വധിച്ചത് പുനരാവിഷ്‍കരിച്ച് ജൂൺ ആറിന് ഖലിസ്താനി സംഘടന കാനഡയിലെ ബ്രാംറ്റൺ സിറ്റിയിൽ നടത്തിയ പരേഡ് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ബ്ലു സ്റ്റാർ ഓപറേഷന്‍റെ 39ാം വാർഷികത്തിന് മുന്നോടിയായാണ് ഇന്ദിര വധം പുനരാവിഷ്‍കരിക്കുന്ന പരേഡ് സംഘടിപ്പിച്ചത്.
ഖലിസ്താനി സംഘടനയുടെ നടപടിയെ അപലപിച്ച് ഇന്ത്യയിലെ കനേഡിയൻ ഹൈകമ്മീഷണർ രംഗത്തെത്തിയിരുന്നു. കാനഡയിൽ വിദ്വേഷത്തിനും അക്രമത്തെ മഹത്വവൽക്കരിക്കുന്നതിനും ഒരു സ്ഥാനവുമില്ലെന്ന് ഹൈകമീഷണർ കാമറോൺ മക്കേയ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.