ഗ്വാളിയോർ: ഞായറാഴ്ച ഇന്ത്യ -ബംഗ്ലാദേശ് ട്വന്‍റി20 നടക്കാനിരിക്കെ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഗ്വാളിയോറിൽ ജില്ലാ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്ന സംഘടനകൾ, മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരദിവസം ഹിന്ദു മഹാസഭ ഗ്വാളിയോറിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ.
മേഖലയിൽ കൂട്ടംകൂടുന്നതിനും പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിനും വിലക്കുണ്ട്. നാലിൽ കൂടുതൽ പേർ കൂട്ടംകൂടാൻ പാടില്ല. സമൂഹമാധ്യമങ്ങളിൽ ശക്തമായ നിരീക്ഷണമുണ്ടാകുമെന്നും പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവെക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ മേഖലയിൽ ഹിന്ദു സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളെ സംബന്ധിച്ച് ഗ്വാളിയോർ എസ്.പി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
പ്രകോപനപരമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സാമൂഹിക അന്തരീക്ഷം മോശമാകാൻ സാധ്യതയുള്ളതിനാൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും എസ്.പി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 14 വർഷങ്ങൾക്കു ശേഷമാണ് ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരു രാജ്യാന്തര മത്സരം സംഘടിപ്പിക്കുന്നത്. സുരക്ഷക്കും ഗതാഗത നിയന്ത്രണത്തിനുമായി 1600 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.
അതേസമയം ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ട്വന്‍റി20 പരമ്പരക്കിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഓൾറൗണ്ടർ ആർ. അശ്വിൻ താരമായപ്പോൾ രണ്ടാം മത്സരത്തിൽ ടീം ഗെയിമാണ് ഇന്ത്യ പുറത്തെടുത്തത്. അശ്വിനാണ് പരമ്പരയിലെ താരം. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരയിൽ യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ടിട്ടുണ്ട്. രണ്ടാം മത്സരം ഈ മാസം ഒമ്പതിനും മൂന്നാം മത്സരം 12നും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.