ശ്രീനഗർ: മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമയും മറ്റു മൂന്നു പേരും പ്രവാചക നിന്ദ പരാമർശം നടത്തിയതിന് മതിയായ കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കാൻ ശ്രീനഗർ കോടതി ഉത്തരവ്. സി.ആർ.പി.സി 202ാം വകുപ്പ് പ്രകാരം കശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനോട് വിഷയം അന്വേഷിക്കാൻ ശ്രീനഗർ കോടതി നിർദേശിച്ചു. ജൂലൈ 28ന് മുമ്പ് അന്വേഷണം പൂർത്തിയാക്കണം. പ്രവാചകനെതിരായ പരാമർശങ്ങളുടെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താക്കളായ നൂപുർ ശർമക്കും നവീൻ കുമാർ ജിൻഡാലിനും എതിരെ കശ്മീരിലെ അഭിഭാഷകനായ മുഹമ്മദ് അഷ്‌റഫ് ഭട്ടാണ് കോടതിയെ സമീപിച്ചത്.
മതവികാരം വ്രണപ്പെടുത്തുക എന്ന പൊതു ഉദ്ദേശ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് പരാതിക്കാരൻ ആരോപിച്ചു. പരാതിക്കാരന്റെ അഭിഭാഷകന്റെ വാദം കേട്ട ശേഷം, എല്ലാ പ്രതികളും കോടതിയുടെ അധികാരപരിധിക്ക് പുറത്താണ് താമസിക്കുന്നതെന്നും അതിനാൽ കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് സി.ആർ.പി.സി 202 വകുപ്പ് പ്രകാരമുള്ള അന്വേഷണം നിർബന്ധമാണെന്നും കോടതി നിരീക്ഷിച്ചു. ജൂലൈ 18 ലെ അടുത്ത ഹിയറിങ്ങിന് മുമ്പ് അന്വേഷണം അവസാനിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
യു.പിയിൽ 415 പ്രതിഷേധക്കാർ അറസ്റ്റിൽ
ലഖ്‌നോ: പ്രവാചകനിന്ദക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 10 ജില്ലകളിൽനിന്നായി 415 പേരെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് പൊലീസ്. 20 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പ്രശാന്ത് കുമാർ അറിയിച്ചു. കാൺപുർ, സഹാറൻപുർ എന്നിവിടങ്ങളിലായി മൂന്ന്, പ്രയാഗ്‌രാജിൽ ഏഴ്, ഫിറോസാബാദ്, അലീഗഢ്, ഹാഥറസ്, മൊറാദാബാദ്, അംബേദ്കർ നഗർ, ഖേരി, ജലൗൺ എന്നിവിടങ്ങളിൽ ഓരോന്നും എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്.
പ്രയാഗ്‌രാജ്- 97, സഹാറൻപുർ- 85, കാൺപുർ- 58, അംബേദ്കർനഗർ- 41, മൊറാദാബാദ്- 40, ഹാഥറസ്- 35, ഫിറോസാബാദ്- 20, ഖേരി- എട്ട്, അലീഗഢ്- ആറ്, ജലൗണിൽ അഞ്ചും പേരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.