ന്യൂഡൽഹി: കർഷക സമരം പൂർവാധികം ശക്തിയോടെ പുന:രാരംഭിക്കാൻ കർഷക സംഘടനകൾ. മാർച്ച് ആറിന് സമരം തുടരും. കൂടുതൽ കർഷക സംഘടനകൾ സമരത്തിന്‍റെ ഭാഗമാകും. പഞ്ചാബിനും ഹരിയാനക്കും പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും രാജ്യതലസ്ഥാനം ലക്ഷ്യമാക്കി 'ഡൽഹി ചലോ' മാർച്ച് സംഘടിപ്പിക്കും. മാർച്ച് 10ന് രാജ്യവ്യാപകമായി റെയിൽ തടയൽ സമരവും നടത്തും.
കർഷക സമരത്തിനിടെ കണ്ണീർവാതക ഷെൽ തലയിൽ പതിച്ച് കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരൺ സിങ്ങിനായുള്ള പ്രാർഥനാ യോഗത്തിന് ശേഷം കിസാൻ മസ്ദൂർ മോർച്ച നേതാവ് സര്‍വാന്‍ സിങ് പാന്ഥറാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
ശംഭു, ഖനൗരി അതിർത്തികൾ കൂടാതെ, ബട്ടിൻഡ, ദബ്വാലി അതിർത്തിയിലും സമരം ശക്തമാക്കും. ഇവിടേക്ക് കൂടുതൽ കർഷകർ എത്തും. ഹരിയാന പൊലീസിന്റെ ഭാഗത്തുനിന്നും അടിച്ചമർത്തൽ ഉണ്ടായില്ലെങ്കിൽ സമാധാനപരമായ രീതിയിൽ ഡൽഹിയിലേക്ക് മാർച്ച് നടത്തും.
വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കുക ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 13ന് പഞ്ചാബിൽനിന്നും ഡൽഹി ചലോ മാർച്ച് ആരംഭിച്ചത്. സമരക്കാരെ ഹരിയാന പൊലീസ് ക്രൂരമായി നേരിട്ടിരുന്നു. കേന്ദ്ര സർക്കാറുമായി നിരവധി ചർച്ചകൾ നടന്നെങ്കിലും ധാരണയിലെത്താനായിട്ടില്ല. കർഷകരെ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ അനുവദിക്കാതെ ഹരിയാന പൊലീസ് അതിർത്തിയിൽ തടഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.