ന്യൂഡൽഹി: തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ. ഹരിദ്വാറിൽ ഇന്ന് വൈകീട്ട് ആറിന് മെഡലുകൾ ഗംഗയിൽ ഒഴുക്കും. തുടർന്ന് ഇന്ത്യാഗേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്നും താരങ്ങൾ അറിയിച്ചു.
ഞങ്ങളുടെ കഴുത്തിൽ അലങ്കാരമായി കിടക്കുന്ന ഈ മെഡലുകൾക്ക് ഇനി അർഥമില്ല. അവ തിരിച്ചു നൽകുക എന്നത് ചിന്തിക്കുന്നതു പോലും എന്നെ കൊല്ലുന്നതിന് തുല്യമാണ്. എന്നാൽ ആത്മാഭിമാനം പണയം വെച്ചുള്ള ജീവിതം കൊണ്ട് എന്ത് കാര്യമാണുള്ളത്. അതിനാൽ ഞങ്ങൾ ഇന്ത്യഗേറ്റിനു മുന്നിൽ മരണം വരെ നിരാഹാരമിരിക്കും- സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.
ഈ മെഡലുകൾ ഞങ്ങൾ ആർക്കാണ് തിരിച്ചു നൽകേണ്ടതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. വനിതയായ പ്രസിഡന്റ് സമരം ചെയ്യുന്ന ഞങ്ങളിൽ നിന്ന് രണ്ടു കിലോമീറ്റർ അപ്പുറം ഇരുന്ന് അവർ ഇതെല്ലാം കാണുന്നു. പക്ഷേ, ഒന്നും മിണ്ടുന്നില്ല. - സാക്ഷി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്ക് ഫോട്ടോ എടുക്കാൻ മാത്രമേ തങ്ങളുടെ ആവശ്യമുള്ളു. രാജ്യത്തിന്റെ പെൺമക്കൾ എന്നായിരുന്നു മോദി തങ്ങളെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പാർലമെന്റ് ഉദ്ഘാടനം ആയിരുന്നു അദ്ദേഹത്തിന്റെ പരിഗണന -സാക്ഷി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.