ന്യൂഡൽഹി: ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലെത്തിയതോടെ സ്തംഭനം നീങ്ങി പാർലമെന്റിന്റെ ഇരു സഭകളും നിയമ നിർമാണ നടപടികളിലേക്ക് കടന്നു. പ്രതിപക്ഷ പ്രതിഷേധം സഭയിൽനിന്നുള്ള ഇറങ്ങിപ്പോക്കിലേക്കും പാർലമെന്റ് കവാടത്തിലെ ധർണയിലേക്കും മാറിയതിനിടയിൽ ബാങ്കിങ് നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി.
പാർലമെന്റ് സമ്മേളിക്കുംമുമ്പ് പ്രധാന കവാടത്തിൽ ഇൻഡ്യ സഖ്യം അദാനി, സംഭൽ, മണിപ്പൂർ വിഷയങ്ങളുന്നയിച്ച് ധർണ നടത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ‘മോദി- അദാനി വൺ’ എന്ന ബാനറേന്തി കോൺഗ്രസ് നയിച്ച ധർണയിൽ ‘ആപും’ അദാനിക്കെതിരെ അണിനിരന്നു. സമാജ് വാദി പാർട്ടിയും മുസ്ലിം ലീഗും സംഭൽ വർഗീയ സംഘർഷവും ഡി.എം.കെ മണിപ്പൂരും ഉന്നയിച്ച് ധർണയിൽ പങ്കെടുത്തു.
അദാനി വിഷയത്തിൽ ഇരു സഭകളിലും പതിവുപോലെ കോൺഗ്രസ് മാത്രം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
സംഭൽ വർഗീയ സംഘർഷത്തിൽ ചർച്ച ആവശ്യപ്പെട്ട് ലോക്സഭ സമ്മേളിച്ചയുടൻ നടുത്തളത്തിലേക്കിറങ്ങിയ സമാജ് വാദി പാർട്ടി എം.പിമാർക്ക് പിന്തുണ നൽകി ഇൻഡ്യ സഖ്യം അംഗങ്ങൾ ആദ്യം ഇറങ്ങിപ്പോക്ക് നടത്തി. കർഷകരുമായി ബന്ധപ്പെട്ട ചോദ്യത്തിന് സഭയെ തെറ്റിദ്ധരിപ്പിച്ചതിൽ പ്രതിഷേധിച്ച് മന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മറുപടിക്കിടെ രണ്ടാമതും പ്രതിപക്ഷം ഇറങ്ങിപ്പോയി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ത്യ- ചൈന ചർച്ചയിലെ പുരോഗതി സംബന്ധിച്ച് പ്രസ്താവന നടത്തിയ ശേഷമാണ് ശൈത്യകാല സമ്മേളനത്തിലെ പ്രധാന അജണ്ടയായ ബാങ്കിങ് നിയമ ഭേദഗതി ബിൽ പാസാക്കാനുള്ള ചർച്ച ലോക്സഭയിൽ തുടങ്ങിയത്. വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനക്കു ശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തത് കെ.സി. വേണുഗോപാൽ ഉന്നയിച്ചു.
ബാങ്കിങ് ബില്ലിലുള്ള ചർച്ചക്ക് തുടക്കമിട്ട കോൺഗ്രസ് ലോക്സഭ ഉപ നേതാവ് ഗൗരവ് ഗൊഗോയി അദാനി വിഷയമുന്നയിച്ചു. നരേന്ദ്ര മോദി ഒരു വ്യവസായിയെ മാത്രം സഹായിക്കുകയാണെന്ന ഗൊഗോയിയുടെ ആരോപണത്തെ, സഭയെ തമാശ വേദിയാക്കി മാറ്റരുതെന്ന് പാർലമെന്ററി മന്ത്രി കിരൺ റിജിജു പറഞ്ഞു. നാഗർവാല കേസ് ഓർമിപ്പിച്ച് ഇന്ദിര ഗാന്ധിക്കെതിരെ ബി.ജെ.പി നേതാവ് സംബിത് പത്ര നടത്തിയ പരാമർശങ്ങൾ സഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടയാക്കി.
കെ.സി. വേണുഗോപാലിന്റെ ഇടപെടലിനെ തുടർന്ന് പരാമർശങ്ങൾ സഭ രേഖകളിൽനിന്ന് നീക്കുമെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു.
എങ്കിൽ മുൻ പ്രധാനമന്ത്രി വാജ്പേയി ഇന്ദിര ഗാന്ധിയെ ദുർഗ എന്ന് വിശേഷിപ്പിച്ചുവെന്ന വേണുഗോപാലിന്റെ അവകാശവാദവും നീക്കണമെന്ന ആവശ്യവും സ്പീക്കർ അംഗീകരിച്ചു. ചർച്ചക്ക് ധനമന്ത്രി നിർമല സീതാരാമൻ മറുപടി പറഞ്ഞ ശേഷമാണ് ലോക്സഭ ശബ്ദവോട്ടോടെ ബാങ്കിങ് ബിൽ പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.