മുംബൈ: വായ്പ തിരിച്ചടക്കാത്തവർക്കെതിരെ ലുക്കൗട്ട് സർക്കുലറുകൾ പുറപ്പെടുവിക്കാൻ (എൽ.ഒ.സി) പൊതുമേഖലാ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ബോംബെ ഹൈകോടതി. എൽ.ഒ.സി നൽകാൻ പൊതുമേഖലാ ബാങ്കുകളുടെ ചെയർപേഴ്സൺമാർക്ക് അധികാരം നൽകി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓഫിസ് മെമ്മോറാണ്ടത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേലും മാധവ് ജംദാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആദിത്യ താക്കർ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് വിസമ്മതിച്ചു. കേന്ദ്ര വ്യവസ്ഥയുടെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിലാണ് കോടതി വിധി പറഞ്ഞത്.
ബാങ്കുകളുടെ ലുക്കൗട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ വിദേശയാത്ര തടയാൻ ബ്യൂറോ ഓഫ് എമിഗ്രേഷന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
അതേസമയം, വിദേശയാത്ര തടഞ്ഞ് ട്രൈബ്യൂണലോ ക്രിമിനൽ കോടതിയോ നൽകുന്ന ഉത്തരവുകളെ തങ്ങളുടെ വിധി ബാധിക്കില്ലെന്നും കോടതി പറഞ്ഞു. 2018ൽ ഓഫിസ് മെമ്മോറാണ്ടം ഭേദഗതി ചെയ്തപ്പോൾ ‘ഇന്ത്യയുടെ സാമ്പത്തിക താൽപര്യം’ കണക്കിലെടുത്ത് ലുക്കൗട്ട് സർക്കുലർ നൽകാൻ പൊതുമേഖലാ ബാങ്കുകൾക്ക് അധികാരം നൽകിയിരുന്നു.
ഇതനുസരിച്ചാണ് വായ്പ തിരിച്ചടക്കാത്തവരുടെ വിദേശയാത്ര ബാങ്കുകളുടെ ലുക്കൗട്ട് സർക്കുലർ കണക്കിലെടുത്ത് എമിഗ്രേഷൻ വിഭാഗം തടഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.