ന്യൂഡൽഹി: തന്ത്രപ്രധാന രംഗങ്ങളിൽ അടക്കം പൊതുമേഖലയുടെ കുത്തക തകർക്കുന്ന സ്വകാര്യവത്കരണം പ്രഖ്യാപിച്ച് മോദി സർക്കാർ. സ്വകാര്യവത്കരിക്കാൻ കഴിയാത്ത ഒരു മേഖലയും ഉണ്ടാവില്ല. എല്ലായിടത്തും സ്വകാര്യ കമ്പനികളെ അനുവദിക്കും. തന്ത്രപ്രധാന രംഗങ്ങളിൽപോലും ഇനി പരമാവധി നാലു പൊതുമേഖല കമ്പനികൾ മാത്രം. അതിൽ കൂടുതൽ ഇേപ്പാഴുണ്ടെങ്കിൽ എണ്ണം കുറക്കാൻ പരസ്പരം ലയിപ്പിക്കുകയോ സ്വകാര്യവത്കരിക്കുകയോ, ഹോൾഡിങ് കമ്പനിക്കു കീഴിൽ കൊണ്ടുവരുകയോ ചെയ്യും.
പ്രതിരോധം, ബഹിരാകാശം, ആണവോർജം തുടങ്ങിയവയാണ് തന്ത്രപ്രധാനമായവ. എന്നാൽ, ഇനി തന്ത്രപ്രധാന മേഖലകൾ ഏതൊക്കെയാണെന്ന് സർക്കാർ പട്ടിക തയാറാക്കും. ഈ രംഗങ്ങളിൽ ഒന്നോ, പരമാവധി നാലോ പൊതുമേഖല സ്ഥാപനങ്ങൾ മാത്രം. സ്വകാര്യ കമ്പനികളും ഉണ്ടാകും. സർക്കാറിന് വൻലാഭം നൽകുന്ന എണ്ണക്കമ്പനികളുടെയും കുത്തക തകർക്കുന്നതാണ് സർക്കാർ തീരുമാനം. മറ്റു മേഖലകളിലെ പൊതുമേഖല സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്കരിക്കും. പരിഷ്കരണത്തിന് ഊന്നൽ നൽകുന്നതാണ് പുതിയ പൊതുമേഖല സ്ഥാപന നയം. ‘സ്വാശ്രയ ഇന്ത്യ’ക്ക് പരസ്പരപൂരകമായ നയമാണ് വേണ്ടെതന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ചില്ലറയായി ചില രംഗങ്ങൾ സ്വകാര്യ നിക്ഷേപത്തിന് തുറന്നതു കൊണ്ടായില്ല. നിശ്ചിത മേഖലകളിൽ പൊതുമേഖല സ്ഥാപനങ്ങൾ നിർണായക പങ്കുവഹിക്കും. അവയുടെ സാന്നിധ്യം പ്രയോജനപ്പെടുന്നത് എവിടെയാണെന്ന് നിർണയിക്കും. അല്ലാതെ, െപാതുമേഖല കൂണുപോലെ മുളച്ചു പൊന്തില്ല. ഇതുവഴി ഭരണച്ചെലവും കുറയും. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നത് ഓഹരി വിൽപനക്ക് ഉണർവ് പകരുമെന്നാണ് സർക്കാറിെൻറ പ്രതീക്ഷ. നടപ്പുവർഷം 2.10 ലക്ഷം കോടി രൂപ ഓഹരി വിറ്റഴിച്ച് സമാഹരിക്കാനാണ് ബജറ്റിൽ ലക്ഷ്യം. പ്രതിരോധ, ബഹിരാകാശ മേഖലകളിൽ അടക്കം കൂടുതൽ സ്വകാര്യവത്കരണം കഴിഞ്ഞ ദിവസം ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഒരു വർഷത്തേക്ക് പാപ്പർ ഹരജികൾ മരവിപ്പിച്ചു
ന്യൂഡൽഹി: കമ്പനികൾ വായ്പ കുടിശ്ശിക വരുത്തിയാൽ പാപ്പർ ഹരജികൾ ഫയൽ ചെയ്യുന്നത് ഒരു വർഷത്തേക്ക് നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചു. വ്യവസായികളുടെ കോവിഡ്കാല സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണിത്. പാപ്പരത്തക്കേസുകൾ മുന്നോട്ടു നീക്കുന്നതിനുള്ള കുടിശ്ശിക ബാധ്യതയുടെ പരിധി ലക്ഷം രൂപയിൽ നിന്ന് ഒരു കോടിയായി ഉയർത്തി.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കാൻ കൂടിയാണിത്. കോവിഡ് കാല കടബാധ്യതയെ കുടിശ്ശികയുടെ നിർവചനത്തിൽ നിന്ന് ഒഴിവാക്കും. ഒറ്റയാൾ കമ്പനികൾ, സ്റ്റാർട്ടപ് തുടങ്ങിയവക്ക് കുടിശ്ശികക്ക് കുറഞ്ഞ പിഴ മാത്രം. ഇക്കാര്യങ്ങൾക്കായി ഓർഡിനൻസ് ഇറക്കും.
തൊഴിലുറപ്പിന് 40,000 കോടികൂടി
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റിൽ അനുവദിച്ച 61,000 കോടിക്കുപുറമെ 40,000 കോടികൂടി കേന്ദ്രം വകയിരുത്തി. നാട്ടിലേക്ക് മടങ്ങുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ നൽകാനാണ് തുക. ഇതുവഴി 300 കോടി തൊഴിൽദിനങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.