ശിവകുമാർ ചായക്കടയിൽ (ഫോട്ടോ കടപ്പാട്: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്)

വയനാടിന് വേണ്ടി തമിഴ്നാട്ടിലെ ചായക്കടക്കാരൻ സമാഹരിച്ചത് 44,000 രൂപ

ചെന്നൈ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കനത്ത നഷ്ടം നേരിട്ട വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിനായി തമിഴ്നാട്ടിലെ ചായക്കടക്കാരൻ സമാഹരിച്ചത് 44,700 രൂപ. പുതുക്കോട്ട മേട്ടുപ്പട്ടിയിലെ ഭഗവാൻ ടീസ്റ്റാൾ ഉടമയായ ശിവകുമാറാണ് ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ തന്നാലാകുന്ന സഹായം ഉറപ്പാക്കിയത്.

പ്രയാസപ്പെടുന്നവരെ സഹായിക്കാൻ എന്നും മുന്നോട്ടുവരുന്നയാളാണ് ശിവകുമാർ. നേരത്തെ, കോവിഡ് സമയത്തും മറ്റും ശിവകുമാറിന്‍റെ പ്രവൃത്തികൾ ഏറെ പ്രശംസ നേടിയിരുന്നു. 'മൊയ് വിരുന്ത്' എന്ന് തമിഴിൽ അറിയപ്പെടുന്ന ചായസത്കാരം നടത്തിയാണ് ശിവകുമാർ വയനാടിന് വേണ്ടി തുക സമാഹരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഇത്. കടയിൽ നിന്ന് ചായ കുടിച്ച ആരോടും പണം വാങ്ങിയില്ല. പകരം, വയനാടിനായി സ്ഥാപിച്ച പെട്ടിയിലേക്ക് ഇഷ്ടമുള്ള തുക ഇടാം. ഇങ്ങനെ ഒരു ദിവസത്തെ ചായ മുഴുവൻ പണം ഈടാക്കാതെ നൽകി സഹായം സ്വരൂപിക്കുകയായിരുന്നു.

ഒരു നല്ല കാര്യത്തിന് മുന്നിൽ നിൽക്കാൻ ആളുണ്ടെങ്കിൽ സഹായിക്കാൻ ജനങ്ങൾ തയാറാണ് എന്നാണ് തന്‍റെ അനുഭവമെന്ന് 43കാരനായ ശിവകുമാർ പറയുന്നു. മുമ്പ് പലതവണ ഇത്തരത്തിൽ തുക സമാഹരണം നടത്തിയിട്ടുണ്ട്. എന്നാൽ, വയനാടിന് വേണ്ടി കഴിഞ്ഞ ദിവസം ലഭിച്ചതാണ് ഒരു ദിവസത്തെ ഏറ്റവും വലിയ തുക.

കേരളത്തിലേക്ക് വന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക നേരിട്ട് നൽകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, യാത്രാചെലവ് കൂടി സഹായത്തിനായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിൽ ആ പദ്ധതി മാറ്റി. ജില്ല കലക്ടറെ പോയി കണ്ട് തുക കൈമാറും. ഇനിയും സംഭാവന നൽകാൻ തയാറായി ആളുകൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞു. 

Tags:    
News Summary - Pudukai tea party raises Rs 44K for Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.