ന്യൂഡൽഹി: മരുന്നുകളുടെ ജനറിക് നാമം കുറിക്കാത്ത ഡോക്ടർമാരുടെ പ്രാക്ടിസ് ലൈസൻസ് നിശ്ചിതകാലം സസ്പെൻഡ് ചെയ്യുന്നതടക്കം ശിക്ഷ നടപടികൾ വ്യവസ്ഥചെയ്ത് ദേശീയ മെഡിക്കൽ കമീഷൻ. പുതിയ ചട്ടങ്ങൾപ്രകാരം എല്ലാ ഡോക്ടർമാരും ജനറിക് നാമങ്ങൾ വേണം കുറിക്കാൻ. അതിനു തയാറാകാതെ വന്നാൽ പ്രാക്ടിസ് നിശ്ചിതകാലത്തേക്ക് വിലക്കും. ബ്രാൻഡ് ചെയ്ത ജനറിക് മരുന്നുകൾ ഒഴിവാക്കണം. അംഗീകൃത മെഡിക്കൽ പ്രാക്ടിഷണർമാരുടെ തൊഴിൽപരമായ പെരുമാറ്റം സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളിലാണ് മെഡിക്കൽ കമീഷൻ ഈ വ്യവസ്ഥകൾ മുന്നോട്ടുവെച്ചത്.
ജനറിക് മെഡിസിൻ മാത്രം കുറിക്കണമെന്ന വ്യവസ്ഥ ഇപ്പോൾത്തന്നെ നിലവിലുണ്ട്. എന്നാൽ, 2002ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പിഴ വ്യവസ്ഥകൾ നിർദേശിച്ചിരുന്നില്ല. ആഗസ്റ്റ് രണ്ടിനാണ് പുതിയ വിജ്ഞാപനം പുറത്തിറങ്ങിയത്. ചികിത്സക്കായി ഭീമമായ തുക ചെലവാക്കേണ്ടിവരുന്നതാണ് നിലവിലെ സാഹചര്യമെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
വിവിധ ബ്രാൻഡുകളിൽ ഇറങ്ങുന്ന പേറ്റന്റ് അവകാശമുള്ള മരുന്നുകളുമായി താരതമ്യംചെയ്താൽ ജനറിക് മരുന്നുകൾക്ക് 30 മുതൽ 80 ശതമാനം വരെ വിലക്കുറവുണ്ട്. ഈ മരുന്നുകൾ ഡോക്ടർമാർ കുറിച്ചാൽ ചികിത്സച്ചെലവ് കുറയുകയും മെച്ചപ്പെട്ട ശുശ്രൂഷ ലഭിക്കുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യും.
മരുന്ന് കുറിപ്പടി എഴുതുമ്പോൾ വ്യക്തത വേണം. ടൈപ്ചെയ്ത് നൽകിയാലും മതി. അനാവശ്യ മരുന്നുകളും ആവശ്യത്തിൽകൂടിയ ഡോസുള്ള ഗുളികയും ഒഴിവാക്കണം. വിപണിയിൽ ലഭ്യമായ ജനറിക് മരുന്നുകൾ മാത്രം കുറിക്കണം. ജൻ ഔഷധി കേന്ദ്രങ്ങളിൽനിന്നും മറ്റ് ജനറിക് ഫാർമസി ഷോപ്പുകളിൽനിന്നും മരുന്ന് വാങ്ങുന്നത് പ്രോത്സാഹിപ്പിക്കണം.
മാർഗനിർദേശം ലംഘിച്ചാൽ ജാഗ്രത പാലിക്കാൻ ഡോക്ടർമാർക്ക് താക്കീത് നൽകണം. ആവശ്യമെങ്കിൽ മൂല്യബോധം വളർത്താൻ അക്കാദമിക പരിപാടികൾക്ക് അയക്കാം. ഇതിനുശേഷവും ചട്ടലംഘനം ആവർത്തിക്കുന്നതായി കണ്ടാൽ പ്രാക്ടിസ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് പരിഗണിക്കണം -കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.