ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബിലും രാജസ്ഥാനിലും നടന്ന ബലാത്സംഗങ്ങളെ ഉദ്ധരിച്ച് വിമർശിച്ച ബി.ജെ.പി നേതാക്കൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി.
'ഉത്തർ പ്രദേശ് സർക്കാറിനെ പോലെ രാജസ്ഥാൻ, പഞ്ചാബ് സർക്കാറുകൾ ബലാത്സംഗം നടന്ന കാര്യം നിഷേധിക്കുകയും ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും നീതി നിർവഹണം തടസപ്പെടുത്തുകയും ചെയ്തിട്ടില്ല. അവർ അങ്ങനെ ചെയ്താൽ നീതിക്ക് വേണ്ടി പോരാടാൻ ഞാനുണ്ടാകും' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
നേരത്തെ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേകർ, നിർമല സീതാരാമൻ എന്നിവർ പഞ്ചാബിൽ ആറു വയസുകാരിയായ ദലിത് ബാലിക ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടതിെന തുടർന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു.
ഹാഥറസിേലക്ക് 'രാഷ്ട്രീയ പര്യടനം' നടത്തിയ ഗാന്ധി സഹോദരങ്ങൾ പഞ്ചാബിൽ ആറു വയസുകാരി ബാലത്സംഗത്തിനിരയായി കൊല്ലപ്പെട്ട വിവരം അറിഞ്ഞതേയില്ലെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേകറുടെ വിമർശനം.
'ബിഹാറിൽ നിന്നുള്ള തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. സോണിയ ഗാന്ധിയോ രാഹുലോ പ്രിയങ്കയോ ടാണ്ഡയിലെത്തി ഇരയുടെ കുടുംബത്തെ സന്ദർശിച്ചില്ല. അവരുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വനിതകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ല. എന്നാൽ ഹാഥറസിലും മറ്റു സ്ഥലങ്ങളിലും ഇരകളുടെ കുടുംബത്തിനൊപ്പംനിന്ന് ചിത്രമെടുക്കുകയാണ്' –ജാവദേകർ വാർത്താ ഏജൻസിയോട് പറഞ്ഞു.
തെരഞ്ഞെടുത്ത സംഭവങ്ങളിൽ മാത്രം പ്രതികരിക്കുന്ന വ്യക്തിയാണ് രാഹുലെന്ന് നിർമല വിമർശിച്ചിരുന്നു. ട്വിറ്റർ ഫ്രണ്ട്ലിയായ അദ്ദേഹം വിഷയത്തിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അറിയാൻ താൽപര്യമുണ്ടെന്നായിരുന്നു നിർമല പറഞ്ഞത്.
പഞ്ചാബിലെ ടാണ്ഡയിൽ ആറുവയസുകാരിയെ പീഡിപ്പിച്ചശേഷം ജീവനോടെ തീ കൊളുത്തുകയായിരുന്നു. കുട്ടിയുടെ പകുതി കത്തിയ മൃതദേഹം കന്നുകാലികളുടെ ഷെഡിനു സമീപത്തുനിന്നാണു കണ്ടെത്തിയത്. സംഭവത്തിൽ പഞ്ചാബിലെ ജലാൽപുര്‍ സ്വദേശികളായ സുർപ്രീത് സിങ്ങിനെയും മുത്തച്ഛൻ സുർജിത് സിങ്ങിനെയും അറസ്റ്റു ചെയ്തിരുന്നു.
ഹാഥറസ് സംഭവവുമായി ബന്ധപ്പെട്ട് യു.പി സർക്കാറിനെയും ബി.ജെ.പിയെയും കടന്നാക്രമിക്കുന്ന കോൺഗ്രസിനെതിരെ ബി.ജെ.പിക്ക് വീണുകിട്ടിയ അവസരമായിരുന്നു പഞ്ചാബിലെ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.