ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) വായ്പ തട്ടിപ്പ് മുൻ യു.പി.എ സർക്കാറിെൻറ കാലത്താണ് നടന്നതെന്ന് സ്ഥാപിക്കാൻ ബി.ജെ.പി നേതാക്കൾ കൊണ്ടുപിടിച്ചു ശ്രമിക്കെ, അവരുടെ വാദം നിരാകരിച്ച് സി.ബി.െഎയുടെ എഫ്.െഎ.ആർ. കേസുമായി ബന്ധപ്പെട്ട് സി.ബി.െഎ ചോദ്യംചെയ്ത ബാങ്ക് ഉദ്യോഗസ്ഥരെല്ലാം 2017-18 വർഷം തട്ടിപ്പ് നടന്ന ശാഖയിൽ ജോലി ചെയ്തവരാണ്. മാത്രമല്ല, ബി.ജെ.പി ആരോപിക്കുന്നതുപോലെ 2011ലാണ് ക്രമക്കേട് തുടങ്ങിയതെങ്കിൽ അത് 11,400 കോടിയിൽ ഒതുങ്ങുമായിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
2015-ഫെബ്രുവരി -2017 ഒക്ടോബർ കാലയളവിൽ നരിമാൻ പോയൻറ് ശാഖയിൽ ചീഫ് മാനേജറായിരുന്ന ബെച്ചു തിവാരി, 2016 മേയ് - 2017 ഒക്ടോബർ കാലയളവിൽ മുംബൈ ബ്രാഡിഹൗസ് ശാഖയിൽ അസിസ്റ്റൻറ് ജനറൽ മാനേജറായിരുന്ന ഇപ്പോഴത്തെ ഡെപ്യൂട്ടി ജനറൽ മാനേജർ സഞ്ജയ് കുമാർ പ്രസാദ്, 2015 നവംബർ മുതൽ 2017 ജൂലൈ വരെ തത്സമയ ഒാഡിറ്ററായിരുന്ന മൊഹീന്ദർ കുമാർ ശർമ, 2014 നവംബർ മുതൽ 2017 ഡിസംബർ വരെ ഏകജാലക ഒാഫിസറായിരുന്ന മനോജ് ഖറാത്ത് എന്നിവരെയാണ് സി.ബി.െഎ ചോദ്യംചെയ്തത്. മനോജ് ഖറാത്ത്, മുൻ ഡെപ്യൂട്ടി മാനേജർ ഗോകുൽ നാഥ് ഷെട്ടി എന്നിവരെയാണ് കുറ്റക്കാരായി സി.ബി.െഎ ചൂണ്ടിക്കാട്ടുന്നത്.
രണ്ട് എഫ്.െഎ.ആറുകളാണ് സി.ബി.െഎ രജിസ്റ്റർ ചെയ്തത്. രണ്ടാമത്തെ എഫ്െഎ.ആറിൽ മെഹുൽ ചോക്സി, ഇദ്ദേഹത്തിെൻറ കമ്പനികളായ ഗീതാഞ്ജലി ജെംസ്, ഗിലി, നക്ഷത്ര കൂടാതെ രണ്ട് ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുടെ പേരുണ്ട്. 4886.72 കോടിയുടെ തട്ടിപ്പ് ഉന്നയിച്ച് ഫെബ്രുവരി 13ന് പി.എൻ.ബി നൽകിയ പരാതിതിയിലാണ ് രണ്ടാമത്തെ എഫ്.െഎ.ആർ. 2018 ജനുവരി 31നാണ് ആദ്യ പരാതിയിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. രണ്ട് പരാതികളിലും കൂടിയാണ് 11,400 കോടിയുടെ വെട്ടിപ്പ് ആരോപിക്കുന്നത്. അതേസമയം, എട്ട് ഉദ്യോഗസ്ഥരെക്കൂടി കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തു. അതിനിടെ, തട്ടിപ്പ് തുക 11,400 കോടിയിലും കൂടുതലായേക്കാമെന്ന് ബാങ്ക് വൃത്തങ്ങൾ സ്വകാര്യ ചാനലിനോട് പറഞ്ഞു.
മൂന്നുപേര്‍ അറസ്റ്റില്‍
മുംബൈ: 11,400 കോടി രൂപ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷനല്‍ ബാങ്ക് (പി.എൻ.ബി) മുന്‍ ഡെ. ജനറല്‍ മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, ക്ലര്‍ക്ക് മനോജ് ഖറാത്ത്, മുഖ്യ പ്രതി നീരവ് മോദിയുടെ കമ്പനികളുടെ അധികാരി ഹേമന്ത് ഭട്ട് എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. നീരവ് മോദിയുടെ കമ്പനികള്‍ക്ക് അനധികൃതമായി ജാമ്യപത്രം നല്കിയവരാണ് അറസ്റ്റിലായ ബാങ്ക് ഉദ്യോഗസ്ഥർ. മൂവരെയും പ്രത്യേക സി.ബി.ഐ കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തു.
ദക്ഷിണ മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയിൽ ഗോകുല്‍നാഥ് ഷെട്ടി ഡെ. ജനറല്‍ മാനേജറായിരിക്കെയാണ് നീരവ് മോദിയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് വജ്ര ഇറക്കുമതി ഇടപാടിന് ഇൗടില്ലാതെ ജാമ്യപത്രം നല്‍കിയത്. മാത്രമല്ല, മറ്റ് ബാങ്കുകളുടെ വിദേശ ശാഖകളില്‍നിന്ന് ‘സ്വിഫ്റ്റ്’ സംവിധാനം വഴി പണം സ്വരൂപിച്ചതിലും ഷെട്ടിക്ക് പങ്കുണ്ടെന്ന് സി.ബി.ഐ സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.