സമരത്തിനിടെ യുവകർഷകൻ കൊല്ലപ്പെട്ട സംഭവം; കേസെടുത്ത് പഞ്ചാബ് പൊലീസ്

ചണ്ഡീഗഡ്: കർഷക സമരത്തിന് നേരെ ഹരിയാന പൊലീസ് നടത്തിയ അതിക്രമത്തിൽ കണ്ണീർവാതക ഷെൽ തലയിൽ പതിച്ച് യുവ കർഷകൻ ശുഭ്കരൺ സിങ് കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിയമോപദേശത്തെ തുടർന്നാണ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് പഞ്ചാബ് പൊലീസ് ഇൻസ്പെക്ടർ ജനറൽ സുഖ്ചെയിൻ സിങ് ഗിൽ പറഞ്ഞു. പരാതികളിൽ അധികാരപരിധി നോക്കാതെ കേസെടുക്കുന്നതാണ് സീറോ എഫ്.ഐ.ആർ.

കേസെടുത്ത സാഹചര്യത്തിൽ ശുഭ്കരൺ സിങ്ങിന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. കർഷകന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി ഭഗവന്ത് മൻ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ശുഭ്കരണിന്‍റെ സഹോദരിക്ക് പഞ്ചാബ് പൊലീസിൽ ജോലിയും നൽകും.

21കാരനായ ശുഭ്കരൺ സിങ് ഖനൗരി അതിർത്തിയിലെ സമരത്തിനിടെ പൊലീസിന്‍റെ കണ്ണീർവാതക ഷെൽ തലയിൽ പതിച്ച് സാരമായി പരിക്കേറ്റാണ് മരിച്ചത്. ഹരിയാന പൊലീസിനെതിരെ പഞ്ചാബ് പൊലീസ് കേസെടുക്കുംവരെ മൃതദേഹം സംസ്കരിക്കില്ലെന്ന് കർഷക നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.

കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഡൽഹി ചലോ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റും കണ്ണീർവാതകം ശ്വസിച്ചും ആറ് കർഷകരാണ് മരിച്ചത്. കണ്ണീർവാതക പ്രയോഗത്തിൽ സാരമായി പരിക്കേറ്റ കർണയിൽ സിങ് (62) എന്ന കർഷകൻ ചൊവ്വാഴ്ച മരിച്ചിരുന്നു. ദർശൻ സിങ്, ഗ്യാൻ സിങ്, മൻജീത് സിങ്, നരീന്ദർ സിങ് എന്നീ കർഷകർ സമരത്തിന് നേരെയുള്ള പൊലീസ് നടപടിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.

Tags:    
News Summary - Punjab Police register FIR into farmer’s death on Haryana border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.