കർഷക സമരം: അടുത്ത ഘട്ടം ഉടൻ പ്രഖ്യാപിക്കും, കൊല്ലപ്പെട്ട കർഷക​െൻറ മൃതദേഹം ഒരാഴ്ചക്ക് ശേഷം സംസ്കരിച്ചു, കേസ് രജിസ്റ്റർ ചെയ്ത് പഞ്ചാബ് പൊലീസ്

ന്യൂഡൽഹി: വിളകൾക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് കർഷകർ നടത്തിയ ദില്ലി ചലോ മാർച്ചിന് നേരയെുണ്ടായ ഹരിയാന പൊലീസ് നടപടിയിൽ 21കാരൻ ശുഭ്കരൺ സിങ്​ കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് പൊലീസ് കേസ് രജിസ്റ്റർചെയ്തു. ഇതോടെ ഒരാഴ്ചയായി പട്യാല രവീന്ദ്ര ഗവ. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സ്വദേശയമായ ഭട്ടിൻഡയിൽ വ്യാഴാഴ്ച സംസ്കരിച്ചു.

പോസ്റ്റമോർട്ടത്തിന് ശേഷം മൃതദേഹവുമായി പൊലീസ് അതിക്രമം നടന്ന കനൗരിയിൽ കർഷകർ വിലാപ യാത്ര നടത്തി. ശംബു അതിർത്തിയിലുള്ള കർഷകരും ഇവിടേക്ക് എത്തിയിരുന്നു. മരണത്തിൽ ഉത്തരവാദികളായ ഹരിയാന പൊലീസിനെതിരേ പഞ്ചാബ് പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യവുമായി കർഷക നേതാക്കൾ യുവാവിന്റെ പോസ്റ്റ്മോർട്ടം അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഒരാഴ്ചയോളമായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നീതി ലഭിക്കാതെ പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ഒരു കോടി ധനസഹായം സീകരിക്കില്ലെന്ന് കർഷകന്റെ കുടുംബവും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ​ഒരാഴ്ചക്ക് ശേഷം കേസ് രജിസ്റ്റർ ചെയ്തത്.

ശുഭ്കരണി​ന്റെ പിതാവ് നൽകിയ പരാതിയിൽ ബുധനാഴ്ച രാത്രിയാണ് അജ്ഞാതർക്കെതിരെ കൊലക്കുറ്റത്തിന് പഞ്ചാബ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കനൗരി അതിർത്തിയിലെ കർഷകർക്ക് നേരെ ഹരിയാന പൊലീസ് നടത്തിയ കണ്ണീർവാതക, റബ്ബർ ബുള്ളറ്റ് പ്രയോഗത്തിലായിരുന്നു തലക്ക് പരിക്കേറ്റ് 21 കാരൻ മരിച്ചത്. മരണത്തിന് പിന്നാലെ ദില്ലി ചലോ മാർച്ച് ഫെബ്രുവരി 29 വരെ നിർത്തി​വെച്ചതായി കർഷക നേതാക്കൾ പ്രഖ്യാപിച്ചു. സമരത്തിന്റെ അടുത്ത ഘട്ടം കർഷക നേതാക്കൾ ഉടൻ പ്രഖ്യാപിക്കും. അതിനിടെ, പ്രതിഷേധത്തിൽ പ​ങ്കെടുത്ത കർഷകർക്ക് നേരെ ഹരിയാന പൊലീസ് കടുത്ത നടപടി സീകരിച്ചുതുടങ്ങി. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ​പൊതുമുതൽ നശിപ്പിക്കുന്നവരുടെ പാസ്​പോർട്ടും വിസയും റദ്ദാക്കുമെന്ന് അംബാല പൊലീസ് അറിയിച്ചു.  

Tags:    
News Summary - Punjab Police Registers Murder Case In Protesting Farmer's Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.